കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ തീയതികളിൽ കൃത്രിമം
text_fieldsമനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ തീയതികളിൽ കൃത്രിമം കാണിച്ച് വിൽപന നടത്തിയ കേസിൽ ഒരു വാണിജ്യ ഭക്ഷ്യവ്യാപാര സ്ഥാപനത്തിന്റെ ഉടമയെയും രണ്ട് ജീവനക്കാരെയും പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു.
ആറാം മൈനർ ക്രിമിനൽ കോടതിയിൽ ഈ മാസം 25ന് കേസിലെ വാദം കേൾക്കും. തീയതികൾ തിരുത്തി സാധുതയുള്ളതാണെന്ന് വരുത്തിത്തീർത്ത് കാലഹരണപ്പെട്ട ഭക്ഷ്യോൽപന്നങ്ങൾ കൈവശം വെച്ചതിനും വിറ്റഴിച്ചതിനും മൂന്ന് പേരും വിചാരണ നേരിടണമെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു. പരിശോധനയെ തുടർന്ന് വ്യവസായ വാണിജ്യ മന്ത്രാലയം ഈ സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. സ്ഥാപനത്തിലെ പതിവ് പരിശോധനക്കിടെ കാലഹരണപ്പെട്ട നിരവധി സാധനങ്ങൾ പിടിച്ചെടുത്തതായി വ്യവസായ വാണിജ്യ മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്.
യഥാർഥ കാലഹരണ തീയതികൾ മാറ്റി പകരം കൂടുതൽ കാലാവധി സൂചിപ്പിക്കുന്ന പുതിയ തീയതികൾ രേഖപ്പെടുത്തിയതായി പരിശോധനയിൽ കണ്ടെത്തി. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും മന്ത്രാലയത്തിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്ഥാപനവും അതിനുള്ളിലെ എല്ലാ ഭക്ഷ്യവസ്തുക്കളും പ്രോസിക്യൂഷൻ കണ്ടുകെട്ടി. 600ൽ അധികം കാലഹരണപ്പെട്ട ഭക്ഷ്യോൽപന്നങ്ങൾ ഇവിടെയുണ്ടായിരുന്നുവെന്ന് കണ്ടെത്തി.
പ്രതികൾക്കായി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ഇവരെ അന്വേഷണത്തിനായി തടങ്കലിൽ വെച്ചിരിക്കുകയാണ്. പൊതുജനാരോഗ്യവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനായി, സാധനങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ നിയമം കർശനമായി നടപ്പാക്കുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

