ഐ.ആർ.ജി.സി ബന്ധമുള്ളവരുടെ അറസ്റ്റ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
text_fieldsമനാമ: ബഹ്‌റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഭീകരവാദ സെല്ലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം. വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുകയും ഇറാനിലെ വ്യക്തികളുമായി നേരിട്ട് ബന്ധം പുലർത്തുകയും ചെയ്ത 41 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (ഐ.ആർ.ജി.സി) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗ്രൂപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ബഹ്‌റൈനിലെ ഓപ്പറേറ്റർമാരും ഇറാനിലെ അവരുടെ ഹാൻഡ്‌ലർമാരും തമ്മിലുള്ള പ്രധാന വിനിമയ കണ്ണികളായി പ്രവർത്തിച്ച 11 പേരെ കൂടി അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം നിലവിൽ ടെഹ്‌റാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പിരിച്ചുവിട്ട ഇസ്‌ലാമിക് സ്കോളേഴ്‌സ് കൗൺസിലിലെ അംഗങ്ങളാണ് ഈ സെല്ലിന് പിന്നിലെന്നും മന്ത്രാലയം അറിയിച്ചു.
ഭീകര ശൃംഖല സ്ഥാപിക്കുക, ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുക, ഇറാൻ കൂടാതെ ഇറാഖ്, ലെബനൻ എന്നിവിടങ്ങളിലെ സംഘടനകൾക്കായി ചാരപ്രവർത്തനം നടത്തുക, സൈനിക പരിശീലനം നേടുക എന്നിവയും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇവർക്കെതിരെയുള്ള പ്രധാന ആരോപണങ്ങളായി ഉന്നയിക്കുന്നുണ്ട്.
ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ പണം, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട മഞ്ഞ പതാകകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഭീകരവാദ ആശയങ്ങൾ അടങ്ങിയ രേഖകൾ എന്നിവ പിടിച്ചെടുത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. കിന്റർഗാർട്ടനുകൾ, സ്കൂളുകൾ, മതപാഠശാലകൾ തുടങ്ങി വിവിധ സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറി വിദേശ രാജ്യങ്ങളോടുള്ള കൂറ് വർദ്ധിപ്പിക്കാനും രാജ്യവിരുദ്ധ വികാരം വളർത്താനും ഇവർ ശ്രമിച്ചതായും കണ്ടെത്തി.
ഷിയാ വിഭാഗത്തിലെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും അവരിൽ ഭീകരവാദ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും ഈ സംഘം ശ്രമിച്ചു. പള്ളികളിലെയും മാതമുകളിലെയും പ്രസംഗങ്ങളെ രാഷ്ട്രീയവൽക്കരിക്കാനും സംഘാടകരെ ഭീഷണിപ്പെടുത്താനും ഇവർ മുതിർന്നതായി റിപ്പോർട്ടിൽ പറയുന്നു.
ബഹ്‌റൈന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഏതൊരു നീക്കത്തെയും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് വിഭാഗീയതയും ഭിന്നതയും സൃഷ്ടിക്കാനുള്ള വിദേശ ഏജന്റുകളുടെ ശ്രമങ്ങളെ കർശനമായ നിരീക്ഷണത്തിലൂടെയും നിയമനടപടികളിലൂടെയും പ്രതിരോധിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

