ലൈസൻസില്ലാതെ സൗന്ദര്യ ചികിത്സ നടത്തിയ പ്രവാസി യുവതി അറസ്റ്റിൽ
text_fieldsമനാമ: ബഹ്‌റൈനിൽ ലൈസൻസില്ലാതെ സൗന്ദര്യ ചികിത്സ നടത്തിയ പ്രവാസി യുവതി അറസ്റ്റിൽ. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങൾ വഴി ഡെർമറ്റോളജി, കോസ്മെറ്റോളജി സേവനങ്ങൾ നൽകിവന്ന 29 വയസ്സുകാരിയായ യുവതിയാണ് അറസ്റ്റിലായത്. ലൈസൻസില്ലാത്ത ഈ സേവനങ്ങൾ പരസ്യം ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റുകളും അവരുടെ അക്കൗണ്ടുകളിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഫർണിഷ് ചെയ്ത ഒരു അപ്പാർട്ട്മെന്റിൽ വെച്ചാണ് യുവതിയെ അധികൃതർ അറസ്റ്റ് ചെയ്തത്. തിരിച്ചറിയാത്ത ഉറവിടങ്ങളിൽ നിന്നുള്ള നിരവധി മരുന്നുകളും ലഹരിവസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി എൻ.എച്ച്.ആർ.എ അറിയിച്ചു.
പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസില്ലാത്ത സൗന്ദര്യ ചികിത്സാ സേവനങ്ങൾ നൽകുന്നത് ബഹ്‌റൈനിൽ ഗുരുതരമായ നിയമലംഘനമാണ്.
ഇത്തരം ചികിത്സകൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉപകരണങ്ങളും ആരോഗ്യത്തിന് ഹാനികരമാകാറുണ്ട്. അതിനാൽ, അംഗീകൃത ക്ലിനിക്കുകളിൽ നിന്നും ലൈസൻസുള്ള വിദഗ്ധരിൽ നിന്നും മാത്രം ഇത്തരം സേവനങ്ങൾ തേടാൻ എൻ.എച്ച്.ആർ.എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

