സായുധ സേന ഷൂട്ടിങ്, മിലിട്ടറി മാരത്തൺ ചാമ്പ്യൻഷിപ് സമാപിച്ചു
text_fieldsനാഷനൽ ഗാർഡ് സ്ഥാപിതമായതിന്റെ 29ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഷൂട്ടിങ്, മിലിട്ടറി മാരത്തൺ ചാമ്പ്യൻഷിപ്പുകളുടെ സമാപന ചടങ്ങിൽനിന്ന്
മനാമ: രാജ്യത്തെ സായുധ സേനയുടെ ഷൂട്ടിങ്, മിലിട്ടറി മാരത്തൺ ചാമ്പ്യൻഷിപ്പുകൾ സമാപിച്ചു. നാഷനൽ ഗാർഡ് സ്ഥാപിതമായതിന്റെ 29ാം വാർഷികത്തോടനുബന്ധിച്ച് സാഖിർ ഷൂട്ടിങ് റേഞ്ച് കോംപ്ലക്സിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. സായുധ സേനയുടെ സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധാനം ചെയ്ത് നാഷനൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫയാണ് പങ്കെടുത്തത്.
സാഖിറിലെത്തിയ നാഷനൽ ഗാർഡ് കമാൻഡറെ നാഷനൽ ഗാർഡ് സ്റ്റാഫ് ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ ശൈഖ് അബ്ദുൽ അസീസ് ബിൻ സുഊദ് ആൽ ഖലീഫയും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.
ദേശീയ ഗാനത്തോടെയും വിശുദ്ധ ഖുർആൻ പാരായണത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഓപറേഷൻസ് ആൻഡ് ട്രെയ്നിങ് അസിസ്റ്റന്റ് ബ്രിഗേഡിയർ ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ സ്വാഗതപ്രസംഗം നടത്തി. രാജാവിന്റെ പിന്തുണയാലും, കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലും നാഷനൽ ഗാർഡിന്റെ വിവിധ യൂനിറ്റുകൾ കൈവരിച്ച വികസനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
റൈഫിൾ, പിസ്റ്റൾ, ഷോട്ട്ഗൺ വിഭാഗങ്ങളിലായി ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടുകൾ നടന്നു. ഷൂട്ടിങ് മത്സരത്തിൽ സ്പെഷൽ ഓപറേഷൻസ് യൂനിറ്റ് യോഗ്യത നേടി. വ്യാഴാഴ്ച രാവിലെ നടന്ന മിലിട്ടറി മാരത്തണിൽ പങ്കെടുത്ത യൂനിറ്റുകളിൽ സ്പെഷൽ ഓപറേഷൻസ് യൂനിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നാഷനൽ ഗാർഡ് കമാൻഡർ ഉദ്യോഗസ്ഥർക്ക് മെഡലുകളും ഷൂട്ടിങ് ചാമ്പ്യൻഷിപ് വിജയികൾക്കുള്ള ട്രോഫികളും മിലിട്ടറി മാരത്തൺ ട്രോഫിയും സമ്മാനിച്ചു. നാഷനൽ ഗാർഡിന്റെ 29ാം വാർഷിക വേളയിൽ എല്ലാ അംഗങ്ങൾക്കും രാജാവിന്റെ ആശംസകളും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.
ബഹ്‌റൈൻ രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ അവർ നടത്തുന്ന പരിശ്രമങ്ങളെയും ത്യാഗങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

