ആക്രമണങ്ങളിൽ തകർന്ന മേഖലകളെ വീണ്ടെടുക്കും
text_fieldsമനാമ: സമീപകാലത്തുണ്ടായ ആക്രമണങ്ങളെത്തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട ബഹ്‌റൈനിലെ പ്രധാന വാണിജ്യ-താമസ മേഖലകളെ അവയുടെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ വിപുലമായ നഗര വികസന പദ്ധതിയുമായി മുനിസിപ്പൽ അധികൃതർ.
തലസ്ഥാന ഗവർണറേറ്റിലെ ജുഫൈർ, സീഫ് എന്നീ മേഖലകളെയാണ് പ്രഥമ പരിഗണന നൽകി പുനരുദ്ധരിക്കുന്നത്. അതോടൊപ്പം ആക്രമണങ്ങൾ ബാധിച്ച സിത്ര മേഖലയിലും സർക്കാർ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. കാപ്പിറ്റൽ ട്രസ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടിൊയിരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാനാണ് പുതിയ തീരുമാനം. റോഡുകൾ, ഡ്രെയിനേജ് സംവിധാനം, തെരുവ് വിളക്കുകൾ എന്നിവയുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും.
ബഹ്‌റൈനിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്-ടൂറിസം ഹബ്ബുകളായ ഈ പ്രദേശങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായി വീണ്ടും മാറ്റും. കനത്ത നാശനഷ്ടങ്ങൾ നേരിട്ട സിത്ര മേഖലയിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കും.
രാജ്യത്തിനുണ്ടായ പ്രതിസന്ധിയെ വികസനത്തിനുള്ള അവസരമായി മാറ്റുകയാണ് ലക്ഷ്യമെന്ന് കാപ്പിറ്റൽ ട്രസ്റ്റി ബോർഡ് ചെയർമാൻ സാലിഹ് തരാദ പറഞ്ഞു. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന സുരക്ഷാ നടപടികളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണങ്ങളിൽ തകർന്നവ പുനഃസ്ഥാപിക്കുക മാത്രമല്ല, ഭാവിയിലെ വെല്ലുവിളികളെ അതിജീവിക്കാൻ ശേഷിയുള്ള രീതിയിൽ ഈ നഗരങ്ങളെ കൂടുതൽ ആധുനികമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

