മാനവികതയുടെ മഹിതസന്ദേശങ്ങൾ ഉണർത്തി അറഫ സംഗമം
text_fieldsഹജ്ജും ബലിപെരുന്നാളും ഒരിക്കൽകൂടി ആഗതമായിരിക്കയാണ്. വിശ്വാസികളുടെ മനസ്സിൽ സന്തോഷാതിരേകത്തിന്റെ മാരിവർഷം. 4000 വർഷങ്ങൾക്കു മുമ്പ് ജീവിച്ച ഒരു കടുംബത്തിന്റെ ത്യാഗോജ്ജ്വല ഓർമകളുടേതാണ് ഹജ്ജ് പെരുന്നാൾ. സൃഷ്ടിച്ച നാഥനു മുന്നിൽ സർവതും സമർപ്പണം ചെയ്ത ഇബ്രാഹീം നബിയുടെയും പൊന്നോമന പുത്രൻ ഇസ്മയിൽ നബിയുടെയും തന്റെ ത്യാഗ കുടുംബത്തിന്റെയും അനശ്വര ഓർമകൾ അയവിറക്കുകയാണ് ഹജ്ജിലൂടെ ലോക മുസ്ലിംകൾ. ഇരുവരുടെയും വിളിക്കുത്തരം നൽകിയ ചരിത്രത്തിൽ തുല്യതയില്ലാത്ത ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വർണവിവേചനം കലരാത്ത ആശയ പ്രബോധനത്തിന്റെയും മഹത്തായ ജീവിത പൂർത്തീകരണവുമാണ് പ്രവാചകൻ മുഹമ്മദ് നബി അറഫാ മൈതാനിയിൽനിന്നും ലോകത്തെ കേൾപ്പിച്ചത്.
ഇതുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപന മഹാസമ്മേളനമെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയത്. ഭീകരരാഷ്ട്രമായ ഇസ്രായേലിന്റെയും അമേരിക്കയുടെയും കലിയടങ്ങാത്ത യുദ്ധക്കൊതിയിൽ പതിനായിരങ്ങൾ ഇന്നും ഫലസ്തീൻ മണ്ണിൽ പിടഞ്ഞുവീഴുകയാണ്. ഭക്ഷണമില്ല. മരുന്നുകളില്ല. കുടിവെള്ളമില്ല. ഈ പട്ടിണി പാവങ്ങൾക്കുവേണ്ടിയും ലോകരാജ്യങ്ങളിൽ ഇത്തരം ദുരിതമനുഭവിക്കുന്നവരുടെ മോചനത്തിനുവേണ്ടി നിലക്കാത്ത പ്രാർഥനകൾകൊണ്ട് നാം അവരെ ചേർത്ത് പിടിക്കണം. ഇതാകണം നമ്മുടെ പെരുന്നാൾ പ്രാർഥനാ സന്ദേശങ്ങൾ. വൈകാരികത ഇരുട്ടുകൂട്ടുന്ന വർത്തമാനത്തിൽ സ്നേഹനൂലുകൾകൊണ്ട് പ്രതിരോധ വലകളുണ്ടാക്കാൻ പെരുന്നാളുകൾ ഉപയോഗപ്പെടുത്തണം. അധമചിന്തകൾക്ക് സ്ഥാനമില്ലെന്ന് തെളിയിക്കണം.
കുടുംബത്തിലേക്ക്, അയൽക്കാരിലേക്ക്, സുഹൃത്തുക്കളിലേക്ക് അങ്ങനെ എല്ലാവരിലേക്കും നിഷ്കളങ്കമായ സ്നേഹചാലുകൾ ഒഴുകട്ടെ. മതത്തിന്റെപേരിലുള്ള വിദ്വേഷങ്ങളാണ് ഇന്നു മനുഷ്യ സമൂഹത്തിൽ കൂടുതലും സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇതരമതസ്ഥർക്ക് വിശ്വാസ ആചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വകവെച്ചു കൊടുത്തുകൊണ്ട് മാതൃകകാണിച്ചവരായിരുന്നു പ്രവാചകനും അവിടത്തെ അനുചരന്മാരും. മാനവികതയുടെ ഒന്നാംപാഠം അകവും പുറവും തെളിഞ്ഞു കാണുന്ന വിശുദ്ധിയുടെ വെളിച്ചമാകേണ്ടതുണ്ട്. ഇരുട്ടിനെതിരെ വെളിച്ചത്തിന്റെ ധർമസമരങ്ങൾ കത്തിജ്ജ്വലിക്കുമ്പോഴാണ് തിന്മകൾ ഇല്ലാത്ത പ്രവാചക ദർശനങ്ങളുടെ ഉണർത്തലുകൾക്ക് പ്രസക്തി വർധിക്കുന്നത്. ലോകത്ത് വിളക്കണക്കാൻ ഇന്ന് അധിക പേരുണ്ട്.
എന്നാൽ വെളിച്ചം നൽകാൻ അത്ര പേരുണ്ടാകണമെന്നില്ല. അറഫാമൈതാനിയിൽ നിന്നും പാരാവാരം ജനസഞ്ചയത്തെ സാക്ഷിനിർത്തി പ്രവാചകൻ നടത്തിയ അറഫാ സന്ദേശം കേട്ടുണർന്നവർ ആ മഹിത ലോകത്തിന് കൈമാറേണ്ടതുണ്ട്. മാനവസമൂഹം പ്രവാചകൻ നൽകിയ പ്രകാശത്തിന്റെ സുഗന്ധവും സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

