അറാദ് കെട്ടിട ദുരന്തം; റസ്റ്റാറന്റ് ഉടമയുടെ ശിക്ഷ ഇളവ് അപ്പീൽ കോടതി റദ്ദാക്കി
text_fieldsഅറാദിൽ റസ്റ്റാറന്‍റിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ തകർന്ന കെട്ടിടത്തിൽ പരിശോധന നടത്തുന്നവർ (ഫയൽ)
മനാമ: അറാദിൽ കെട്ടിടം തകർന്നുണ്ടായ വാതക സ്ഫോടനവുമായി ബന്ധപ്പെട്ട് റസ്റ്റാറന്റ് ഉടമയ്ക്ക് മുൻപ് നൽകിയ ശിക്ഷാ ഇളവ് അപ്പീൽ കോടതി റദ്ദാക്കി. പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 12നാണ് സംഭവം നടന്നത്. റസ്റ്റാറന്‍റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ മറ്റൊരു വശത്ത് പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പിൽ മുടി വെട്ടിക്കൊണ്ടിരുന്ന ബഹ്‌റൈൻ പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്രദ്ധമായി ഗ്യാസ് കൈകാര്യം ചെയ്തതിനാണ് റസ്റ്റാറന്‍റ് ഉടമയെ കുറ്റക്കാരനായി പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ, റസ്റ്റാറന്റ് ഉടമയുടെ വാണിജ്യ രജിസ്ട്രേഷന് ആവശ്യമായ എല്ലാ ലൈസൻസിംഗും നേടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മൈനർ ക്രിമിനൽ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കൂടാതെ, സ്ഫോടനം പ്രതിയുടെ സ്ഥാപനത്തിൽ നിന്നാണ് ഉണ്ടായതെന്ന് തെളിയിക്കുന്ന വ്യക്തമായ സാങ്കേതിക തെളിവുകളില്ലെന്നും, വാതക ചോർച്ച റസ്റ്റാറന്റിൽ നിന്ന് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എന്നാൽ, അപ്പീൽ കോടതി ഈ വിധി റദ്ദാക്കി. സ്ഫോടനത്തിന് കാരണം പ്രതി നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതുകൊണ്ടാണെന്ന് അപ്പീൽ കോടതി കണ്ടെത്തി. സിവിൽ ഡിഫൻസ് പരിശോധിക്കുന്നതിന് മുൻപേ റസ്റ്റാറന്റ് പ്രവർത്തിപ്പിച്ചതും, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതും ഗുരുതരമായ അശ്രദ്ധയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ അശ്രദ്ധ വാതക ചോർച്ചയ്ക്കും സ്ഫോടനത്തിനും കാരണമാവുകയും കെട്ടിടം തകർന്ന് ആളപായമുണ്ടാകാൻ ഇടയാക്കുകയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ പുതിയ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

