അറാദിലെ കെട്ടിടം തകർന്ന കേസ്; റസ്റ്റാറന്റ് ഉടമയെ വെറുതെവിട്ടു
text_fieldsഅറാദിലെ കെട്ടിടം തകർന്നപ്പോൾ (ഫയൽ)
മനാമ: കഴിഞ്ഞ ഫെബ്രുവരിയിൽ അറാദിൽ കെട്ടിടം തകർന്ന് രണ്ടുപേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ റസ്റ്റാറന്റ് ഉടമയെ കോടതി വെറുതെവിട്ടു. സംഭവത്തിൽ ഇദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാൻ മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് കോടതിയുടെ ഈ വിധി. തകർന്ന കെട്ടിടത്തിലാണ് പ്രതിയുടെ റസ്റ്റാറന്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ ഗ്യാസ് ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് വിലയിരുത്തിയാണ് ഇദ്ദേഹത്തെ പ്രതി ചേർത്തത്.
പ്രതിയെന്ന് ആരോപിക്കപ്പെട്ട റസ്റ്റാറന്റ് ഉടമ സിവിൽ ഡിഫൻസ് പുറപ്പെടുവിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും വ്യവസായ വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പ്രവർത്തനാനുമതികൾ നേടിയിട്ടുണ്ടെന്നും ലോവർ ക്രിമിനൽ കോടതിയിൽ നടന്ന കേസ് വിസ്താരത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. രാജ്യത്തെ വാണിജ്യ രജിസ്ട്രേഷൻ ചട്ടക്കൂട് അനുസരിച്ച് ബിസിനസിന് പൂർണ ലൈസൻസും നിയമപരമായി പ്രവർത്തിക്കാനുള്ള അനുമതിയും ഉണ്ടായിരുന്നെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. റസ്റ്റാറന്റിന് പ്രവർത്തിക്കാനാവശ്യമായ സിവിൽ ഡിഫൻസ്, ആരോഗ്യ മന്ത്രാലയം, മുനിസിപ്പൽ അധികാരികൾ എന്നിവരിൽ നിന്നുള്ള എല്ലാ രേഖകളും കോടതി പരിശോധിച്ചുറപ്പിക്കുകയും ചെയ്തു.
എന്നാൽ കേസിൽ പ്രതിപാദിക്കപ്പെട്ട ഗ്യാസ് സെൻസറുകളുടെ അപാകത ഈ കേസിന് ആധാരമാകില്ലെന്നും കോടതി കണ്ടെത്തി. അത്തരം സെൻസറുകൾ സിവിൽ ഡിഫൻസിന്റെ അംഗീകൃത പട്ടികയിൽ ഇല്ലെന്നും അവ പ്രവർത്തനരഹിതമായി എന്നതിനോ അപകടത്തിന് കാരണമായി എന്നതിനോ തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. ഗ്യാസ് എങ്ങനെയാണ് ചോർച്ചയുടെ കൃത്യമായ ഉറവിടം കണ്ടെത്താനും അന്വേഷകർക്ക് കഴിഞ്ഞില്ല. റസ്റ്റാറന്റിലെ ഗ്യാസ് സിലിണ്ടറുകൾ പുറത്താണ് സൂക്ഷിച്ചിരുന്നതെന്നും സ്ഫോടനത്തിൽ അവക്ക് പങ്കുണ്ടാകാൻ സാധ്യതയില്ലെന്നും ക്രൈം സീൻ ഉദ്യോഗസ്ഥൻ പ്രോസിക്യൂട്ടർമാരോട് പറഞ്ഞു. ചോർച്ച റസ്റ്റാറന്റുമായി ബന്ധമില്ലാത്ത മറ്റൊരു സിലിണ്ടറിൽ നിന്നാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അത്തരമൊരു സാഹചര്യത്തിൽ, അംഗീകൃത സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായാൽ പോലും അപകടം തടയാൻ സാധ്യതയില്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

