അലമാലകൾ തീർത്ത് ആവേശം; സ്വപ്ന ഫൈനൽ ഇന്ന്
text_fieldsമനാമ: 26ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ശനിയാഴ്ച ബഹ്റൈൻ ഒമാനുമായി ഏറ്റുമുട്ടും. വൈകീട്ട് ഏഴിന് കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. ചൊവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ സൗദി അറേബ്യയെ തകർത്താണ് ഒമാന്റെ ഫൈനൽ പ്രവേശനം.
കുവൈത്തിനെ മുട്ടുകുത്തിച്ചാണ് ബഹ്റൈൻ കലാശക്കളിക്ക് എത്തുന്നത്. 10 പേരുമായി കളിച്ച് സെമി ഫൈനലിൽ കുവൈത്തിനെ തറപറ്റിക്കാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസം ബഹ്റൈനുണ്ട്.
52ാം മിനിറ്റിൽ മെഹ്ദി അബ്ദുൽ ജബ്ബാർ ചുവപ്പ് കാർഡ് ലഭിച്ചു പുറത്തായതോടെ ബഹ്റൈൻ ടീം 10 പേരായി ചുരുങ്ങിയിരുന്നു. 75ാം മിനിറ്റിൽ മുഹമ്മദ് മർഹൂം നേടിയ ഗോളിലൂടെയാണ് ബഹ്റൈൻ വിജയിച്ചത്.
ഫൈനലിൽ മികച്ച വിജയത്തോടെ രണ്ടാം ഗൾഫ് കപ്പ് കിരീടം ബഹ്റൈൻ സ്വപ്നം കാണുന്നു. ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സിറിയയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും മികച്ച ടീമായാണ് ബഹ്റൈൻ ഫൈനൽ മത്സരത്തിനിറങ്ങുന്നത്.
നേരത്തേ രണ്ടു തവണ ഗൾഫ് കപ്പ് കിരീടം ഉയർത്തിയ ഒമാൻ മികച്ച ഫോമിലാണ്. ഒരു കളിയും തോൽക്കാതെയാണ് ഒമാന്റെ ഫൈനലിലേക്കുള്ള കുതിപ്പ്. ഫൈനലിൽ ബഹ്റൈനെ കീഴടക്കി മൂന്നാം കിരീട നേട്ടമാണ് ഒമാന്റെ ലക്ഷ്യം.
ഫൈനൽ മത്സര സമാപന ചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ പങ്കെടുക്കും.
ഗൾഫ് ഫുട്ബാൾ ചരിത്രത്തെ സ്വാധീനിക്കുകയും ഭാവി തലമുറകൾക്ക് പ്രചോദനാത്മകമായ പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്ത ഗൾഫ് ഫുട്ബാൾ ഇതിഹാസ താരങ്ങളെ സമാപനച്ചടങ്ങിൽ ആദരിക്കും.
കുവൈത്തിലേക്ക് ഒമ്പത് പ്രത്യേക സര്‍വിസുകളുമായി ഗള്‍ഫ് എയര്‍
മനാമ: ബഹ്റൈനും ഒമാനും ഏറ്റുമുട്ടുന്ന ഗള്‍ഫ് കപ്പ് (ഖലീജി സെയിന്‍ 26) ഫൈനല്‍ ഫുട്ബാള്‍ മത്സരം കാണുന്നതിന് ബഹ്റൈനിലെ ഫുട്ബാള്‍ പ്രേമികളെ കുവൈത്തിലെത്തിക്കാന്‍ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഒമ്പത് പ്രത്യേക സര്‍വിസുകള്‍ നടത്തും.
ജനുവരി 4ന് ബഹ്റൈനില്‍നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അഞ്ചിന് തിരിച്ചുമാണ് വിമാന സർവിസ്. ഫുട്ബാൾ പ്രേമികളുടെ സൗകര്യാർഥം ഞായറാഴ്ച ബഹ്റൈനിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയുമായി (ബി.ഒ.സി) സഹകരിച്ചാണ് ഗള്‍ഫ് എയർ പ്രത്യേക വിമാന സർവിസ് നടത്തുന്നത്.
ബിയോൺ, ബി.ബി.കെ എന്നിവയും സഹകരിക്കുന്നു. ബഹ്റൈൻ ആരാധകർക്കായി 18,000 ടിക്കറ്റുകൾ അനുവദിച്ചിരുന്നു. ഇതു മുഴുവൻ വിറ്റുതീർന്നതായി ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ വേറെയും വിമാനങ്ങള്‍ സർവിസ് നടത്തും.
സുഗമമായ യാത്ര ഉറപ്പാക്കാന്‍ കാബിന് ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എയര്‍പോര്‍ട്ട് ഹാന്‍ഡ് ലിങ് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഗള്‍ഫ് എയര്‍ ഈ വിമാനങ്ങളുടെ ശേഷി വർധിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് കപ്പ് കിരീടം നേടുന്നതിനും വിജയിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനും ബഹ്റൈന്റെ ദേശീയ ഫുട്ബാള്‍ ടീമിന് ഗള്‍ഫ് എയര്‍ ആശംസകളും നേർന്നു.

