അലകടലിൽ തിരമാലകളെപ്പോലെ ആർത്തിരമ്പി ജനത
text_fieldsമനാമ: അറേബ്യൻ ഗൾഫ് കപ്പ് ആദ്യമായി നേടിയതിെൻറ ആവേശം ബഹ്റൈൻ വീഥികളിൽ നിലക്കുന്നില്ല. കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ച വിജയാഹ്ലാദം ഇന്നലെയും രാപ്പകലില്ലാതെ എങ്ങും തുടർന്നു. ഞായറാഴ്ച ബഹ്റൈൻ സമയം രാത്രി 8.58 ഒാടെ ബഹ്റൈൻ ടീം ഖത്തറിൽ ചരിത്ര വിജയം നേടിയതായി പ്രഖ്യാപിക്കപ്പെടുേമ്പാൾതന്നെ ആഹ്ലാദഭേരിയുമായി ബഹ്റൈനിലെ ജനം റോഡുകളിലേക്ക് ഇറങ്ങി. വാഹനങ്ങളിൽ ദേശീയ പതാകകൾ ഉയർത്തി ഹോൺ മുഴക്കി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സന്തോഷം പങ്കിട്ടു മുന്നോട്ട് നീങ്ങി. പാതിരാത്രിയും ജനം റോഡുകളിൽ വാഹനങ്ങളിലൊഴുകി നടന്നു. പല വാഹനങ്ങളിലും പ്രിയതാരങ്ങളുടെ ചിത്രങ്ങളും അഭിനന്ദന വാചകങ്ങളും സ്ഥാനം പിടിച്ചു. മധുരപലഹാരങ്ങളും മിഠായികളും വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യപ്പെട്ടു.
പ്രവാസികളും ആഘോഷങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. തങ്ങളുടെ പോറ്റമ്മയായ ബഹ്റൈെൻറ അഭിമാനകരമായ വിജയം ഇന്ത്യൻ പ്രവാസികളും വിവിധ കേന്ദ്രങ്ങളിൽ ആഘോഷിച്ചു. ഇനിയുള്ള ലോക മത്സരങ്ങളിലും ബഹ്റൈൻ ചുണക്കുട്ടികൾ വിജയം ആവർത്തിക്കുമെന്നും വലിയൊരു വിജയഗാഥയുടെ കാഹളമാണ് ഉയർന്നതെന്നും ബഹ്റൈൻ ആരാധകർ സോഷ്യൽ മീഡിയയിൽ എഴുതി.
അറേബ്യൻ ഗൾഫ് കപ്പ് നേടിയതിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജാവിെൻറ പ്രത്യേക പ്രതിനിധിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് രാജ്യത്തിെൻറ അകത്തുനിന്നും പുറത്തുനിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
ചുവന്ന പൂക്കള്‍ നല്കി ബഹ്റൈന്‍ ടീമിനെ സ്വീകരിച്ചു
മനാമ: ചുവന്ന പൂക്കള്‍ നല്കി ബഹ്റൈന്‍ ടീമിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഗള്‍ഫ് കപ്പ് വിജയ സോപാനത്തിലേറുന്നതിന് മിന്നും പ്രകടനം കാഴ്ചവെച്ച ചുവപ്പന്‍ പോരാളികള്‍ക്ക് വരവേല്പ് നല്കാന് ശൈഖ് ഖാലിദ് ബഇന് അഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ടീമംഗങ്ങളെ ഓരോരുത്തരെയായി ശൈഖ് ഖാലിദ് വരവേറ്റു.

കളിക്കാരുടെ ബന്ധുക്കളും മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും സ്വീകരണച്ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാജകീയ വരവേല്പില് മനം നിറഞ്ഞാണ് കളിക്കാര്‍ ഓരോരുത്തരും തങ്ങളെ കാണാന്‍ പാതയോരത്ത് നിന്നവര്‍ക്ക് നേരെ കൈകള്‍ വീശി അഭിവാദ്യം ചെയ്തത്. സന്തോഷവും അഭിമാനവും നിറഞ്ഞ ഈ നേട്ടത്തെ ഓരോ ബഹ്റൈനിയും ആഘോഷപൂര്‍വമാണ് കൊണ്ടാടിയത്.
ബഹ്റൈന്‍ വിമാനത്താവളത്തില്‍ നിന്നു ആരംഭിച്ച് ബഹ്റൈന്‍ ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച വാഹന റാലിയില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് അണിനിരന്നത്. തുറന്ന വാഹനത്തില്‍ നീങ്ങിയ കളിക്കാരെ കാണാനും ആശീര്‍വദിക്കാനും നിരവധി പേരാണ് ടീമംഗങ്ങള്‍ കടന്നു പോകുന്ന റോഡുകള്‍ക്കിരുവശവും അണിനിരന്നത്. പൂക്കള്‍ വിതറിയും കൈകൊടുത്തും ബഹ്റൈൻ ടീമിനെ ജന സമൂഹം നെഞ്ചിലേറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
