അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം; ഐക്യം ശക്തിപ്പെടുത്താൻ ആഹ്വാനവുമായി ബഹ്റൈൻ
text_fieldsബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി
മനാമ: നിലവിലെ പ്രാദേശിക വെല്ലുവിളികൾ നേരിടാൻ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ആവശ്യപ്പെട്ടു. അറബ് ലീഗ് മിനിസ്റ്റീരിയൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. സിവിലിയൻ മേഖലകൾ, വിമാനത്താവളങ്ങൾ, ഊർജ്ജ നിലയങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. യു.എൻ സുരക്ഷാ സമിതി പാസാക്കിയ 2817-ാം നമ്പർ പ്രമേയം ഇറാൻ ലംഘിക്കുന്നത് തുടരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്‍റെ നീക്കങ്ങൾ ആഗോള വ്യാപാരത്തിനും ഇന്ധന സുരക്ഷയ്ക്കും ഭീഷണിയാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രമേയം കൊണ്ടുവരാൻ ബഹ്‌റൈൻ മുൻകൈ എടുക്കും. യു.എൻ സുരക്ഷാ സമിതിയിലെ അറബ് പ്രതിനിധി എന്ന നിലയിൽ അറബ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണ്. ഫലസ്തീൻ വിഷയം ഉൾപ്പെടെയുള്ള അറബ് പ്രശ്നങ്ങളിൽ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാൻ ബഹ്‌റൈൻ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ആക്രമണങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി ആവർത്തിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ അറബ് മിനിസ്റ്റീരിയൽ കൗൺസിൽ സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചു. ഇത് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

