ഇസ്രായേലിന്‍റെ ഗസ്സ നിയന്ത്രണ നീക്കം; ശക്തമായി അപലപിച്ച് അറബ്-ഇസ്‌ലാമിക സമിതി
text_fieldsമനാമ: ഗസ്സ മുനമ്പിൽ സമ്പൂർണ സൈനിക നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇസ്രായേലിന്റെ പ്രഖ്യാപനത്തെ ശക്തമായി അപലപിച്ച് അറബ്-ഇസ്‌ലാമിക ഉച്ചകോടി രൂപീകരിച്ച മന്ത്രിതല സമിതി. ഇസ്രയേലിന്റെ പ്രഖ്യാപനം അപകടകരവും അസ്വീകാര്യവും, അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമായും, നിയമവിരുദ്ധമായ അധിനിവേശം സ്ഥാപിക്കാനും, അന്താരാഷ്ട്ര നിയമസാധുതയ്ക്ക് വിരുദ്ധമായി, ബലപ്രയോഗത്തിലൂടെ ഭൂമിയില്‍ അധികാരം സ്ഥാപിക്കാനുമുള്ള ശ്രമമായും കണക്കാക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേലിന്റെ ഈ നടപടികൾ കൊലപാതകങ്ങൾ, പട്ടിണിക്കിടൽ, നിർബന്ധിത പലായനം, ഫലസ്തീൻ പിടിച്ചെടുക്കൽ, കുടിയേറ്റക്കാരുടെ ഭീകരത എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ലംഘനങ്ങളാണ് തുടരുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. ഇത് മാനുഷിക വിരുദ്ധമായ കുറ്റകൃത്യങ്ങൾക്ക് തുല്യമാണ്. ഈ സമീപനം സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുകയും, സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്താരാഷ്ട്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ 22 മാസമായി ഫലസ്തീൻ ജനത തുടർച്ചയായ ആക്രമണങ്ങളെയും പൂർണമായ ഉപരോധങ്ങളെയും നേരിടുകയാണ്. ഇത് ഗസ്സയിലെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും സമാനമായ ഗുരുതരമായ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും സമിതി പ്രസ്താവനയിൽ അറിയിച്ചു.
ഗസ്സ മുനമ്പിനെതിരായ ഇസ്രായേലി ആക്രമണം ഉടനടി അവസാനിപ്പിക്കുക, ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുള്‍പ്പെടെ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്രയും വേഗത്തിൽ ലഭ്യാമാക്കുക, പ്രദേശത്ത് ദുരിതാശ്വാസ ഏജന്‍സികളുടെയും അന്താരാഷ്ട്ര മാനുഷിക സംഘടനകളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കുക, ഫലസ്തീന്‍ ജനതയെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമിതി പ്രസ്താവനയിൽ നിർദേശിച്ചു.
ഗസ്സയിലെ സംഭവവികാസങ്ങളെക്കുറിച്ച് പഠിക്കാനും തുടർനടപടികൾ സ്വീകരിക്കാനും ജോയിന്റ് എക്സ്ട്രാഓർഡിനറി അറബ്-ഇസ്ലാമിക് ഉച്ചകോടി ചുമതലപ്പെടുത്തിയ ഒരു സമിതിയാണിത്. ബഹ്‌റൈൻ, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, നൈജീരിയ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ എന്നിവയിലെ പ്രതിനിധികൾക്കൊപ്പം ബംഗ്ലാദേശ്, ചാഡ്, ജിബൂട്ടി, ഗാംബിയ, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, ഒമാൻ, പാകിസ്താൻ, സൊമാലിയ, സുഡാൻ, യു.എ.ഇ, യെമൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ഈ മന്ത്രിതല സമിതിയിൽ ഉൾപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

