അറബ് ഗെയിംസ്;ബാഡ്മിന്റൺ പുരുഷ സിംഗ്ൾസ് കിരീടം അദ്നാൻ ഹസന്
text_fieldsമനാമ: 15ാമത് അറബ് ഗെയിംസിൽ ആതിഥേയരായ അൽജീരിയ മുന്നേറ്റം തുടരുന്നു. അൽജീരിയക്ക് 69 സ്വർണവും 43 വെള്ളിയും 43 വെങ്കലവുമടക്കം 155 മെഡലുകളുണ്ട്. ബഹ്റൈൻ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 16 സ്വർണവും ഒമ്പത് വെള്ളിയും എട്ട് വെങ്കലവുമടക്കം 33 മെഡലുകളാണ് ബഹ്റൈൻ ഇതുവരെ നേടിയത്.
മൂന്നാം സ്ഥാനത്തുള്ള തുനീഷ്യക്ക് 11 സ്വർണവും 25 വെള്ളിയും 38 വെങ്കലവുമുണ്ട്. മൊറോക്കോയാണ് നാലാമത്. ബഹ്റൈന്റെ ബാഡ്മിന്റൺ താരം അദ്നാൻ ഹസൻ പുരുഷ സിംഗ്ൾസ് കിരീടം നേടി. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ അമാനി അലോബൈദ്ലി വെങ്കലം നേടി. അമാനിയുടെ നാലാമത്തെ മെഡലാണിത്.
വനിതകളുടെ 50 മീറ്റർ ബാക്ക്സ്ട്രോക്കിലും 100 മീറ്റർ ബാക്ക്സ്ട്രോക്കിലും അമാനി വെള്ളി മെഡൽ നേടിയിരുന്നു. 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ വെങ്കലവും. അൽജീരിയ, ബഹ്റൈൻ, കൊമോറോസ്, ജിബൂതി, ഈജിപ്ത്, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലബനാൻ, ലിബിയ, മോറിത്താനിയ, മൊറോക്കോ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സൊമാലിയ, സുഡാൻ, സിറിയ, തുനീഷ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, യമൻ എന്നിങ്ങനെ 22 രാജ്യങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്. 20 കായിക ഇനങ്ങളാണ് ഗെയിമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6,000 അത്ലറ്റുകൾ പങ്കെടുക്കുന്നു. ജൂലൈ 15നാണ് സമാപനച്ചടങ്ങ്. 2011ൽ ദോഹയിലാണ് അവസാനമായി അറബ് ഗെയിംസ് നടന്നത്. അന്ന് ബഹ്റൈൻ 12 സ്വർണവും 10 വെള്ളിയും 15 വെങ്കലവുമടക്കം 37 മെഡലുകൾ നേടിയിരുന്നു.

