പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം
text_fieldsമനാമ: രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനുള്ള പൈലറ്റ് പദ്ധതിക്ക് സർക്കാർ സമിതി അംഗീകാരം നൽകി. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന വികസന പദ്ധതികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മന്ത്രിതല സമിതിയുടെ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളുണ്ടായത്.
ബഹ്‌റൈൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുടെ പ്രവർത്തനാനുമതി 2030 വരെ പുതുക്കി നൽകിയ സമിതി, ഘട്ടങ്ങളായി ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്നതിനുള്ള അനുമതിയാണ് നൽകിയത്. ഈ വർഷം രണ്ട് ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്നും, വർഷാവസാനത്തോടെ ഇത് 35 ആയി ഉയർത്തുമെന്നും അധികൃതർ വ്യക്തമാക്കി. വലിയ വികസന പദ്ധതികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി സുഗമമാക്കുന്നതിനായി പുതിയ മറൈൻ ബെർത്ത് സ്ഥാപിക്കാൻ ഗതാഗത- മന്ത്രാലയത്തിന് നിർദ്ദേശം നൽകി. നിലവിലുള്ള തുറമുഖ സൗകര്യങ്ങളിലെ തിരക്ക് കുറയ്ക്കാൻ ഈ പുതിയ നീക്കം സഹായിക്കും.
റോഡ് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഇസാ ടൗൺ ഇന്റർചേഞ്ച് പാലത്തിന്റെ വടക്കൻ ഭാഗം ദിവസങ്ങൾക്കുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ സമിതി നിർദ്ദേശം നൽകി. 840 മീറ്റർ നീളമുള്ള ഡ്യൂവൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കൂടാതെ, അൽ ഫാറൂഖ് ജങ്ഷൻ മുതൽ അൽ ഫത്തേഹ് ജങ്ഷൻ വരെയുള്ള 4.1 കിലോമീറ്റർ കിങ് ഫൈസൽ ഹൈവേ വികസന പദ്ധതിക്കായി പൊതുലേലവും ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പ്രധാന പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

