മുഹറഖ്-അറാദ് പാലത്തിന് അംഗീകാരം; തീരദേശ വികസനത്തിനും സാധ്യത
text_fieldsമനാമ: മുഹറഖിനെയും അറാദിനെയും ബന്ധിപ്പിച്ചുകൊണ്ട് 12 ദശലക്ഷം ദിനാർ ചെലവിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പാലം പദ്ധതിക്ക് മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ അംഗീകാരം. കൂടാതെ, അൽ ദൈർ, സമാഹീജ് തീരദേശങ്ങൾ നവീകരിക്കുന്നതിനുള്ള സാധ്യതാ പഠനവുമായി മുന്നോട്ട് പോകാനുള്ള ശുപാർശക്കും കൗൺസിൽ അംഗീകാരം നൽകി. പാലം വരുന്നതോടെ ഇരുപ്രദേശങ്ങൾക്കുമിടയിലുള്ള യാത്ര സുഗമമാകുമെന്നും തിരക്കുള്ള സമയങ്ങളിൽ മുഹറഖിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും ഡെപ്യൂട്ടി ചെയർമാൻ സാലിഹ് ബുഹസ്സ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് എൻജിനീയറിങ് ഡിസൈനുകളും സാങ്കേതിക പദ്ധതികളും തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗതാഗത ബുദ്ധിമുട്ടുകൾ വർധിക്കുന്നതിനാൽ ഈ ആശയം വർഷങ്ങളായി ഉയർന്നുവന്നിരുന്നുവെന്നും ബുഹസ്സ കൂട്ടിച്ചേർത്തു.
തീരദേശ പദ്ധതി സംബന്ധിച്ച്, ധനമന്ത്രാലയവുമായി ഏകോപിപ്പിച്ച് സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠനങ്ങൾ തയാറാക്കാനുള്ള സർവിസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ ശിപാർശക്ക് കൗൺസിൽ അംഗീകാരം നൽകി.
തീരദേശ വികസനവുമായി ബന്ധപ്പെട്ട് നിക്ഷേപം ആകർഷിക്കുന്നതിനും ആഭ്യന്തര ടൂറിസത്തെ പിന്തുണക്കുന്നതിനും വിനോദത്തിനായി പൊതു വാട്ടർഫ്രണ്ട് ഇടങ്ങൾ മാറ്റിവെക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പാർപ്പിട മേഖലകളിലെ കുടുംബങ്ങൾക്കായി അറാദിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഒരു പാർക്ക് അനുവദിക്കുന്നതിനുള്ള അഭ്യർഥനയും കൗൺസിൽ ചർച്ച ചെയ്തു. കൂടാതെ, താമസക്കാർക്ക് സേവനം നൽകാനും പ്രാദേശിക ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സമീപത്തെ ഒരു പ്ലോട്ട് കാർ പാർക്കിങ്ങിനായി മാറ്റിവെക്കുന്നതിനെക്കുറിച്ചും ആലോചിച്ചു. ഒഴിഞ്ഞുകിടക്കുന്ന ഭൂമി പാർക്കുകൾക്കും പാർക്കിങ്ങിനുമായി മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കണമെന്ന് കൗൺസിൽ അംഗം അഹമ്മദ് അൽ മേഘാവി ആവശ്യപ്പെട്ടു.
പുറമെ, കൃഷിഭൂമി മൃഗങ്ങളെ വളർത്തുന്ന കൂടാരങ്ങളായി മാറ്റുന്നതിനെതിരെ കർശന നിയന്ത്രണം വേണമെന്നും നിയമലംഘനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

