ഹവാർ ദ്വീപിൽ സമുദ്രനഗര പദ്ധതിക്ക് അംഗീകാരം
text_fieldsമനാമ: വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഹവാർ ദ്വീപിൽ കടലിനടിയിൽ നഗരം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് കൗൺസിലർമാരുടെ അംഗീകാരം. ഹവാർ ദ്വീപ് കൗൺസിലർ ഹിസാം അൽദോസരി മുന്നോട്ടുവെച്ച ആശയം സതേൺ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. പൗരാണിക അറ്റ്ലാന്റിസ് മാതൃകയിലുള്ള പദ്ധതി ആയിരക്കണക്കിന് സന്ദർശകരെ ദ്വീപിലേക്ക് ആകർഷിക്കുമെന്ന് അൽദോസരി പറഞ്ഞു.
2,300 വർഷംമുമ്പ് പുരാതന ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ ആദ്യമായി പരാമർശിച്ച 'ലോസ്റ്റ് സിറ്റി ഓഫ് അറ്റ്ലാന്റിസ്' ലോകത്തിലെ ഏറ്റവും പഴക്കമേറിയ നിഗൂഢതകളിൽ ഒന്നായി അറിയപ്പെടുന്നു. പ്ലേറ്റോയുടെ കാലത്തിന് ഏകദേശം 9,000 വർഷംമുമ്പാണ് ഈ ദ്വീപ്രാജ്യം നിലനിന്നിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഒരുദിവസം ദ്വീപ് നിഗൂഢമായി അപ്രത്യക്ഷമാവുകയായിരുന്നു. ഈ സാങ്കൽപിക ദ്വീപിന്റെ മാതൃകയിലുള്ള പദ്ധതിയാണ് ഹവാറിൽ വിഭാവനം ചെയ്യുന്നത്. ഒഴുകുന്ന ചരിത്ര മ്യൂസിയം, വെള്ളത്തിനടിയിലെ ഗ്ലാസ് അക്വാറിയം, മുങ്ങിക്കപ്പലുകൾ എന്നിവ പദ്ധതിയിലെ സവിശേഷതകളാണ്. സന്ദർശകർക്ക് വെള്ളം നനയാതെ അക്വാറിയത്തിൽ പ്രവേശിച്ച് കാഴ്ചകൾ കാണാം.
ആയിരക്കണക്കിന് ദേശാടനപക്ഷികളുടെ താവളമായ ഹവാർ ദ്വീപ് ലോക പൈതൃകപട്ടിയിൽ ഇടംപിടിക്കുന്നതിനുള്ള ഉദ്യമത്തിലാണ്. ഭൂമിയിലെ സ്വർഗമാണ് ഹവാർ ദ്വീപ് എന്ന് നിസ്സംശയം പറയാമെന്ന് അൽദൊസേരി പറഞ്ഞു. ഇവിടെ എത്തുന്ന ആരെയും അമ്പരിപ്പിക്കുന്ന സൗന്ദര്യമാണ് ദ്വീപിനുള്ളത്. നിലവിൽ ഗതാഗത സൗകര്യങ്ങൾ ഇല്ലെങ്കിലും പ്രകൃതിയെ സ്നേഹിക്കുന്ന കുറച്ചുപേർ ഇവിടെ എത്താറുണ്ട്.
കോവിഡാനന്തരം ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ നിരവധി നടപടികൾ സ്വീകരിക്കുന്ന സർക്കാറിന് മുന്നിലെ ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് ഇതെന്നും കൗൺസിലർ ചൂണ്ടിക്കാട്ടി. ഹവാർ ദ്വീപിലേക്ക് 23 കി.മീ. നീളത്തിൽ കോസ്വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക, സാങ്കേതിക പഠനങ്ങൾ നടത്താൻ കൗൺസിലർമാർ കഴിഞ്ഞ മാർച്ചിൽ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ തീം പാർക്കായ ഡൈവ് ബഹ്റൈൻ നവീകരണത്തിനുശേഷം അടുത്ത വർഷം പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.