സ്വകാര്യ സ്കൂളുകളിൽ സ്വദേശികളെ നിയമിക്കൽ; നിർദേശം ശൂറ കൗൺസിൽ ഇന്ന് പരിഗണിക്കും
text_fieldsമനാമ: സ്വകാര്യ സ്കൂളുകളിൽ സ്വദേശികളെ നിയമിക്കാൻ ആവശ്യപ്പെടുന്ന നിർദേശം ശൂറ കൗൺസിൽ ഇന്ന് പരിഗണിക്കും. നേരത്തെ നിർദേശത്തിന് പാർലമെന്റ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 1998 ലെ സ്വകാര്യ വിദ്യാഭ്യാസ നിയന്ത്രണങ്ങൾക്കായി കൊണ്ടുവന്ന നിയമത്തെയാണ് ഭേദഗതി ചെയ്യാൻ ലക്ഷ്യമിടുന്നത്. എന്നാൽ നിയമം നടപ്പാക്കുന്നതിലൂടെ ആർക്ക് ജോലി നൽകണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നതിൽ സ്കൂൾ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ജോലി അന്വേഷിക്കുന്ന യോഗ്യതയുള്ള ബഹ്റൈനികൾക്ക് മുൻഗണന നൽകാൻ സ്കൂളുകളെ നിർബന്ധിതരാക്കുന്നതാണ് നിയമം. ഇത് തൊഴിൽ സംബന്ധമായ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് നിർദേശത്തെ അനുകൂലിക്കുന്നവരുടെ ഭാഷ്യം. ആയിരക്കണക്കിന് സ്വദേശി ബിരുദധാരികൾ നിലവിൽ രാജ്യത്ത് ജോലി തേടുന്നുണ്ട്. ഇപ്പോഴും സ്വകാര്യ സ്കൂളുകളുടെ അധ്യാപക തസ്തികയിൽ വിദേശികളെ നിയമിക്കുന്നത് തുടരുകയാണ്.
പൊതു മേഖലക്ക് എല്ലാ അപേക്ഷകരേയും ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നത്. നിലവിൽ ശൂറ കൗൺസിലിന്റെ സേവന സമിതി നിർദേശത്തെ അംഗീകരിച്ചിട്ടുണ്ട്. ഇനി ശൂറ ചർച്ചക്കും വോട്ടിനുമിടും. 2019ൽ ആരോഗ്യ രംഗത്തും സമാനമായ ഒരു നടപടി അവതരിപ്പിച്ചിരുന്നു. സാധ്യമാകുന്നിടത്തെല്ലാം ബഹ്റൈനി ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ എന്നിവരെ നിയമിക്കാൻ സ്വകാര്യ ക്ലിനിക്കുകളോടും ആശുപത്രികളോടും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

