ക്യൂ.എസ് ഫൈവ് സ്റ്റാർ പ്ലസ് റേറ്റിംഗ് നേടി ബഹ്‌റൈനിലെ അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റി
text_fieldsക്യൂ.എസ് ഫൈവ് സ്റ്റാർ പ്ലസ് റേറ്റിംഗ് നേടിയ എ.എസ്.യു അധികൃതർക്ക് ഫലകം കൈമാറുന്നു
മനാമ: പ്രശസ്തമായ ക്യൂ.എസ് സ്റ്റാർസ് റേറ്റിംഗ് സിസ്റ്റത്തിൽ ഫൈവ് സ്റ്റാർ പ്ലസ് റേറ്റിംഗ് സ്വന്തമാക്കി ബഹ്‌റൈനിലെ അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റി (എ.എസ്.യു). ഈ നേട്ടം കൈവരിക്കുന്ന ബഹ്‌റൈനിലെ ആദ്യ സർവകലാശാലയായി എ.എസ്.യു മാറി. ഇതോടെ ലോകമെമ്പാടുമുള്ള പ്രമുഖ 30 സർവകലാശാലകളുടെ വിശിഷ്ട നിരയിലേക്ക് എ.എസ്.യുവും ഉയർത്തപ്പെട്ടു.
അധ്യാപനം, ഗവേഷണം, തൊഴിൽ സാധ്യതകൾ, മികച്ച ഭരണം, ആഗോള പങ്കാളിത്തം, ഭൗതിക സൗകര്യങ്ങൾ, സാമൂഹിക പ്രഭാവം എന്നിവ ഉൾപ്പെടെ ഒമ്പത് പ്രമുഖ മേഖലകളിലെ മികച്ച പ്രകടനം മുൻനിർത്തിയാണ് ആഗോള ഉന്നതവിദ്യാഭ്യാസ സംഘടനയായ ക്യൂ.എസ് ഈ ഉയർന്ന റേറ്റിങ് നൽകിയത്.
എ.എസ്.യുവിന്റെ ഈ ചരിത്രനേട്ടത്തിൽ ഹയർ എജ്യുക്കേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഡയാന അബ്ദുൽ കരീം അൽ ജഹ്‌റോമി സർവകലാശാലയെ അഭിനന്ദിച്ചു. സർവകലാശാലയുടെ അക്കാദമിക്, സ്ഥാപനപരമായ മികവ് മെച്ചപ്പെടുത്തുന്നതിൽ കൈവരിച്ച പുരോഗതിയുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് അവർ പറഞ്ഞു.
ബഹ്‌റൈന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഇത് വലിയൊരു നേട്ടമാണെന്നും പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും രാജ്യത്തിന്റെ വിദ്യാഭ്യാസ മികവും മത്സരശേഷിയും വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സ്ഥാപനത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെയും അക്കാദമിക് വികസനത്തിലെ നിക്ഷേപങ്ങളുടെയും ഫലമാണ് ഈ ആഗോള അംഗീകാരമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ പ്രൊഫസർ വഹീബ് അൽ ഖാജ വ്യക്തമാക്കി.
തങ്ങളുടെ തന്ത്രപരമായ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതിന്റെ തെളിവാണ് ഈ നേട്ടമെന്നും, അക്കാദമിക്-ഗവേഷണ പരിപാടികൾ കൂടുതൽ ശക്തമാക്കുമെന്നും എ.എസ്.യു പ്രസിഡന്റ് പ്രൊഫസർ ഹാതിം മസ്രി പറഞ്ഞു. ലോകോത്തര വിദ്യാഭ്യാസവും അന്താരാഷ്ട്ര പഠന അനുഭവവും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ബഹ്‌റൈനിൽ തന്നെ മികച്ച അവസരമൊരുക്കാൻ ഈ അംഗീകാരത്തിലൂടെ എ.എസ്.യുവിന് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

