ഒരു വസന്തം കൂടി "ഓരോ വസന്തവും വന്നു പോകുമ്പോൾ നഷ്ടമാവുന്നത് പുതിയ സുഗന്ധമാണ്’
text_fieldsഓരോ വസന്തവും കടന്നുവരുന്നത് നിറഞ്ഞ സുഗന്ധവും. നിറങ്ങളുമായിട്ടാണ്. അതിനെ ആവോളം നുകരുക എന്നത് ഒരു വണ്ടിന്റെ ആത്മദാഹം എന്നതുപോലെ മനുഷ്യന്റെ ആത്മീയ ഋതുക്കളിലെ വസന്തകാലമാണ് റമദാൻ. റമദാനിലേക്ക് മനസ്സും ശരീരവും പാകപ്പെടുന്നതുപോലെ തന്നെ സൂക്കും, ചുറ്റുപാടുകളും, വീടും പാകപ്പെടുന്നു എന്നത് യാദൃച്ഛികമാണോ എന്ന് ഞാൻ സംശയിക്കാറുണ്ട്. ബഹ്റൈനിലെ മനാമ സൂക്കിനെ സംബന്ധിച്ചിടത്തോളം കച്ചവടത്തിന്റെ ഒരു വസന്തകാലം കൂടിയാണ്. റമദാൻ സൂക്കിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഊദിന്റയും സുഗന്ധവ്യഞ്ജനങ്ങളുടെയും മനംമയക്കുന്ന സുഗന്ധങ്ങൾ ഈ മാസത്തിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നു. റമദാൻ വ്രതത്തിന്റെ കാലമാണെങ്കിലും സമൃദ്ധിയുടെയും കൂടി കാലമാണ്. പരസ്പരം സഹായത്തിന്റെയും സഹകരണത്തിന്റെയും വിശാലതയുടെയും അതിരില്ലാത്ത ആകാശം പോലെ മനസ്സുകൾ പരസ്പരം വലുതാവുന്നു. പള്ളികളിലും തെരുവുകളിലും നോമ്പുതുറ സമയമാകുമ്പോഴേക്കും തിരക്കുപിടിക്കുന്നു. സമൃദ്ധമായ നോമ്പുതുറകൾ ഭക്ഷണ വിതരണങ്ങൾ എല്ലാം ഇവിടങ്ങളിലെ സ്ഥിരംകാഴ്ചകളാണ്. ഓരോ നോമ്പുകാലവും ഓരോ മനുഷ്യരിലും ഒരുപിടി നല്ല ഓർമകൾ സമ്മാനിച്ചുതന്നെയാണ് കടന്നുപോകാറുള്ളത്. അത് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇന്ധനമായിത്തീരുന്നു. ബഹ്റൈൻ എന്ന ഈ ഒരു ദ്വീപ് രാഷ്ട്രം ഈയൊരു മാസത്തെ വലിയരീതിയിൽതന്നെ ആഘോഷിക്കുന്നു. മതപരമായ അനുഷ്ഠാനത്തിനപ്പുറം അതവരുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗംകൂടിയാണ്. ആ ഒരു പൈതൃകത്തെ ഇന്നും അതേപടി അവർ അനുഷ്ഠിച്ചുപോരുന്നു. ബാങ്കിന് മൈക്ക് സംവിധാനം ഉണ്ടായിട്ടും ഇന്നും അവർ ഒരനുഷ്ഠാനം പോലെ പീരങ്കി വെടി പൊട്ടിക്കുന്നു.
റമദാനിലെ നോമ്പും നോമ്പുതുറയും ഒരു കഫിറ്റീരിയ ജോലിക്കാരൻ എന്ന നിലയിൽ നാട്ടിനെക്കാളും എനിക്കിഷ്ടം ഇവിടെയാണ്. കാരണം പ്രധാന പരിപാടി ഉറക്കംതന്നെ. ലീവില്ലാത്ത ജോലിക്കിടയിൽ വീണുകിട്ടിയ ഒരു മാസത്തെ ഇടവേള. വൈകീട്ട് കട തുറന്ന് നോമ്പുതുറ ഒരുക്കും. പൊതുവേ ഈ മാസം കസ്റ്റമർ കുറവായതുകൊണ്ടുതന്നെ വിശ്രമ ജീവിതം എങ്കിലും നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം നമ്മെ നോവിക്കാതിരിക്കില്ല. വീടും, നോമ്പുതുറസമയമാകുമ്പോഴുള്ള വീടുകളിലെ തിരക്കും, പള്ളിയും, പള്ളിയിലെ നോമ്പുതുറയും തറാവീഹും രാത്രി സഞ്ചാരങ്ങളും ഓർമളിൽ നിറഞ്ഞാടും. തറാവീഹിനുശേഷം കൂട്ടുകാർക്കൊപ്പം ബൈക്കിലുള്ള കറക്കം അതിനു പലപ്പോഴും ഒരു ആത്മനിർവൃതിയിൽ ഒരു സൂഫി ഭാവം കൈ വരാറുണ്ട്. ദർഗകളും പെട്ടിക്കടകളും താണ്ടി മുത്തായം വരെ നീളുന്ന യാത്ര. ജീവിതത്തിൽ എന്നും റമദാൻ നമുക്ക് വേറിട്ട ഒരു അനുഭവം നൽകുന്നു എന്നതും നമ്മൾ അറിയാതെ ഏതോ ഒരു ആത്മീയ വിശുദ്ധി നമ്മിൽ കൈവരിക്കുന്നു എന്നതും ഈ മാസത്തിന്റെ മാസ്മരികതയായി നമുക്ക് കണക്കാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

