ഒമ്പതു വർഷത്തിനുശേഷം ആനന്ദൻ നാട്ടിലേക്ക്
text_fieldsഒമ്പതു വർഷത്തിനുശേഷം നാട്ടിലേക്ക് പോകുന്ന ആനന്ദന് (മുൻനിരയിൽ ഇടത്തുനിന്ന് രണ്ടാമത്) കെ.എം.സി.സി ഭാരവാഹികൾ യാത്രരേഖകൾ കൈമാറുന്നു
മനാമ: ഒമ്പതു വർഷത്തിനുശേഷം ആനന്ദൻ നാട്ടിലെത്തുമ്പോൾ അത് ബഹ്റൈൻ കെ.എം.സി.സിയുടെ ഓണസമ്മാനം കൂടിയാണെന്നു പറയാം. വീട്ടുകാരും നാട്ടുകാരുമായും അകന്ന് ഒമ്പതു വർഷം ബഹ്റൈനിൽതന്നെ കഴിഞ്ഞ കോഴിക്കോട് വടകര എടച്ചേരി സ്വദേശിയായ ആനന്ദൻ (49) ബുധനാഴ്ച രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും.
2001ലാണ് ആനന്ദൻ ആദ്യമായി ബഹ്റൈനിൽ എത്തിയത്. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹം അച്ഛെന്റ മരണത്തെത്തുടർന്ന് ഒമ്പതു വർഷം മുമ്പാണ് ഒടുവിൽ നാട്ടിലേക്ക് പോയത്. പിന്നീട്, വിവിധ കാരണങ്ങളാൽ ഇദ്ദേഹം നാട്ടിലേക്ക് പോയില്ല. കോവിഡ് കാലത്ത് ജോലി കുറഞ്ഞതോടെ സാമ്പത്തിക പ്രയാസവും നേരിട്ടു. വിസയുടെയും പാസ്പോർട്ടിെന്റയും കാലാവധി കഴിഞ്ഞതും പ്രശ്നമായി.
ഈ സാഹചര്യത്തിലാണ് കെ.എം.സി.സി ബഹ്റൈൻ നാദാപുരം മണ്ഡലം കമ്മിറ്റി ജോ. കൺവീനർമാരായ മുഹമ്മദ് ചെറുമോത്തും മുജീബ് റഹ്മാനും ഇദ്ദേഹത്തിെന്റ സഹായത്തിനെത്തുന്നത്. കെ.എം.സി.സി സംസ്ഥാന, ജില്ല ഭാരവാഹികളുടെ സഹായത്തോടെ ഇദ്ദേഹത്തിനാവശ്യമായ യാത്ര രേഖകളെല്ലാം ശരിയാക്കി. വിമാന ടിക്കറ്റും മണ്ഡലം കമ്മിറ്റി എടുത്തുനൽകി.
നാട്ടിലേക്ക് തിരിച്ചുപോകുമ്പോൾ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തിന് ആനന്ദൻ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു. കേരളം ആഘോഷത്തിലമരുന്ന തിരുവോണത്തലേന്നുതന്നെ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ കഴിഞ്ഞതിെന്റ ആഹ്ലാദത്തിലാണ് കെ.എം.സി.സി പ്രവർത്തകർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.