എ.എം.എച്ച് ഗോൾഫ് ചാരിറ്റി ടൂർണമെന്റ് ഗാലാ ഡിന്നർ സംഘടിപ്പിച്ചു
text_fieldsഐലൻഡ് ക്ലാസിക് ഗോൾഫ് ചാരിറ്റി ടൂർണമെന്റിന്റെ ഗാലാ ഡിന്നർ പരിപാടിയിൽ നിന്ന്
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ (എ.എം.എച്ച്) സംഘടിപ്പിച്ച 26ാമത് ഐലൻഡ് ക്ലാസിക് ഗോൾഫ് ചാരിറ്റി ടൂർണമെന്റിന് പിന്തുണ നൽകിയ സ്പോൺസർമാരെ ആദരിക്കുന്നതിനുള്ള വാർഷിക ഗാലാ ഡിന്നർ ദി ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടൽ ആൻഡ് സ്പായിൽ നടന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ടൂർണമെന്റ്. 26 വർഷമായി തന്റെ സ്വകാര്യ ഗോൾഫ് കോഴ്സിൽ ടൂർണമെന്റ് നടത്താൻ അനുമതി നൽകിയതിന് രാജാവിനോട് എ.എം.എച്ച് കോർപ്പറേറ്റ് സി.ഇ.ഒ ഡോ. ജോർജ് ചെറിയാൻ അഗാധമായ നന്ദി രേഖപ്പെടുത്തി. പരിപാടിക്ക് അചഞ്ചലമായ പിന്തുണ നൽകിയ സ്പോൺസർമാരെയും അദ്ദേഹം അഭിനന്ദിച്ചു. ഐലൻഡ് ക്ലാസിക് ഒരു ഗോൾഫ് ടൂർണമെന്റ് മാത്രമല്ല, എ.എം.എച്ചിന്റ സേവന ദൗത്യം പ്രതിഫലിപ്പിക്കുന്ന ഒരു അർഥവത്തായ സംരംഭമാണെന്ന് ഡോ. ജോർജ് ചെറിയാൻ പറഞ്ഞു.
ഈ പരിപാടിയിലൂടെ ലഭിക്കുന്ന സഹായം ആവശ്യമുള്ളവർക്ക് ലഭിക്കുകയും ബഹ്റൈൻ സമൂഹത്തിന് ശോഭനവും ആരോഗ്യകരവുമായ ഭാവി കെട്ടിപ്പടുക്കാൻ നേരിട്ട് സംഭാവന നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലിയിലെ കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ആരംഭിച്ചതിനുശേഷം എ.എം.എച്ച് കൈവരിച്ച പ്രധാന നാഴികക്കല്ലുകളും ഡോ. ജോർജ് ഈ അവസരത്തിൽ എടുത്തുപറഞ്ഞു. പരിപാടിയിൽ വിജയിച്ച ടീമുകളിലെ ഗോൾഫ് കളിക്കാർക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യുകയും സ്പോൺസർമാർക്ക് മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.
നിരവധി വിശിഷ്ടവ്യക്തികളും പ്രമുഖ വ്യവസായികളും കോർപറേറ്റ് എക്സിക്യൂട്ടിവുകളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

