ഇറാനിൽനിന്ന് യമനിലേക്ക് ആയുധം കടത്തിയ ബോട്ട് പിടികൂടി
text_fieldsമനാമ: ഇറാനിൽനിന്ന് യമനിലേക്ക് ആയുധം കടത്തുകയായിരുന്ന മത്സ്യബന്ധന ബോട്ട് ബഹ്റൈൻ ആസ്ഥാനമായ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപട പിടികൂടി. ബോട്ടിൽനിന്ന് 2116 എ.കെ 47 റൈഫിൾ പിടികൂടിയതായി യു.എസ് നാവിക സേന അറിയിച്ചു. ഒമാൻ ഉൾക്കടലിലാണ് പിടികൂടിയത്.
അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നിരീക്ഷണം നടത്തിയിരുന്ന യു.എസ്.എസ് ചിനൂക് എന്ന കപ്പലിലെ നാവിക സേനാംഗങ്ങൾ യു.എസ്.എസ് മൺസൂൺ, യു.എസ്.എസ് സള്ളിവൻ എന്നിവയുടെ സഹായത്തോടെയാണ് ബോട്ട് തടഞ്ഞ് ആയുധം പിടിച്ചെടുത്തത്. യമനിലെ ഹൂതികൾക്ക് അനധികൃതമായി ചരക്ക് എത്തിക്കുന്നതിന് ഉപയോഗിച്ചുവരുന്ന സഞ്ചാരപാതയാണ് ഇതെന്ന് യു.എസ് നാവികസേന പറഞ്ഞു. ആറ് യമൻ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഹൂതികൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ആയുധം എത്തിക്കുന്നത് യു.എൻ സുരക്ഷ കൗൺസിൽ പ്രമേയത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണ്.
അസ്ഥിരത സൃഷ്ടിക്കാനുള്ള ഇറാന്റെ തുടർച്ചയായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആയുധക്കടത്തെന്ന് യു.എസ് നാവികസേന കമാൻഡർ വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ, ഇറാനിൽനിന്ന് യമനിലേക്ക് ആയുധങ്ങൾ കടത്തിയ മറ്റ് രണ്ട് മത്സ്യബന്ധന ബോട്ടുകൾ യു.എസ് നാവിക സേന പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

