അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ 120ാം വാർഷികം ആഘോഷിക്കുന്നു
text_fieldsആലിയിൽ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ അഞ്ചാമത്തെ ശാഖയായ ആലിയിലെ കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ 120ാം വാർഷികാഘോഷവും ഇതോടൊപ്പം നടക്കും. ആശുപത്രിയുടെ നാലു ചുമരുകൾക്കപ്പുറത്തേക്ക് മികച്ച രോഗീപരിചരണം ലഭ്യമാക്കുന്ന ഭാവിയിലേക്കുള്ള സ്മാർട്ട് ആശുപത്രിയാണ് ആലിയിൽ ഉദ്ഘാടനം ചെയ്യുന്നതെന്ന് കോർപറേറ്റ് സി.ഇ.ഒയും ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ. ജോർജ് ചെറിയാൻ പറഞ്ഞു. റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡുമായുള്ള സഹകരണം ഇതിനെ ഒരു അധ്യാപന ആശുപത്രിയുമാക്കുന്നു. ക്ലിനിക്കൽ ട്രെയിനിങ് ലാബുകൾ, സിമുലേഷൻ റൂമുകൾ, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇസ്രായേലിലെ ഷീബ മെഡിക്കൽ സെന്ററുമായുള്ള സഹകരണം ആശുപത്രിയെ ഒരു ഇന്നവേഷൻ ഹബാക്കി മാറ്റും. ലോകോത്തര മെഡിക്കൽ ഗവേഷണവും സാങ്കേതികവിദ്യയും ബഹ്റൈനിലേക്ക് കൊണ്ടുവരുന്നതിന് യുവ ബഹ്റൈനി സംരംഭകരെ ഇത് പ്രാപ്തരാക്കും. ലോൺഡ്രി, മാലിന്യ സംസ്കരണം മുതലായവ സേവനങ്ങൾക്ക് റോബോട്ടുകളെയും ഉപയോഗപ്പെടുത്തുന്നുണ്ട്. ആശുപത്രി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മെഡ്ബോട്ടുകളും റോബോട്ടുകളും സഹായിക്കും.
അഞ്ചു നിലകൾ വീതമുള്ള രണ്ടു കെട്ടിടങ്ങളുടെയും മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിലേക്കും ജീവനക്കാർക്കുള്ള താമസ സൗകര്യത്തിലേക്കുമുള്ള 60 ശതമാനം വൈദ്യുതിയും ഇതുവഴി ഉൽപാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബഹ്റൈന്റെ ആരോഗ്യ സേവന രംഗത്ത് നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന തരത്തിൽ ലോകമെങ്ങുംനിന്നുള്ള പ്രതിഭകളെ ആകർഷിക്കുന്ന ആശുപത്രിയായിരിക്കും ഇതെന്ന് ഡോ. ജോർജ് ചെറിയാൻ പറഞ്ഞു.