സുരക്ഷ വർധിപ്പിക്കാൻ അമേരിക്ക
text_fieldsഅമേരിക്കയുടെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് നിമിറ്റ്സ്
മനാമ: ഗൾഫ് മേഖലയിലെ പ്രതിസന്ധി മുന്നിൽ കണ്ട് സുരക്ഷ വർധിപ്പിക്കാനൊരുങ്ങി അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ യു.എസ്.എസ് നിമിറ്റ്സിനെ ബഹ്റൈനിലെത്തിച്ചാണ് യു.എസ് കവചമൊരുക്കുന്നത്.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും, യെമനിൽ പ്രവർത്തിക്കുന്ന ഹൂത്തി വിമതർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനും വേണ്ടിയാണ് യു.എസ്.എസ് നിമിറ്റ്സിനെ ഈ മേഖലയിലേക്ക് വിന്യസിച്ചത്. കഴിഞ്ഞ ആഴ്ച ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് എത്തിയ ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലായ നിമിറ്റ്സിൽ 5,000-ത്തിലധികം വരുന്ന നാവികരും എഫ്-18 സൂപ്പർ ജെറ്റുകളും അറ്റാക്ക് ഹെലികോപ്റ്ററുകളും അടങ്ങുന്നുണ്ട്.
വടക്കുകിഴക്കൻ ആഫ്രിക്ക മുതൽ മിഡിൽ ഈസ്റ്റ് വഴി മധ്യ, തെക്കൻ ഏഷ്യ വരെ വ്യാപിച്ചുകിടക്കുന്ന 21 രാജ്യങ്ങൾ ഉൾപ്പെടുന്ന യുഎസ് സെൻട്രൽ കമാൻഡിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്‍റെ ഭാഗമാണ് ഈ കപ്പൽ. മിഡിൽ ഈസ്റ്റ് ഓപ്പറേഷനുകളെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ മാസം ഈ കപ്പൽ മറ്റൊരു യു.എസ് വിമാനവാഹിനിക്കപ്പലായ കാൾ വിൻസണിന് പകരമായും മേഖലയിൽ എത്തിയിരുന്നു.
നേരത്തെ ഇൻഡോ-പസഫിക് മേഖലയിൽ പ്രവർത്തിച്ചിരുന്ന കപ്പലായിരുന്നു ഇത്. നിലവിൽ മിഡിൽ ഈസ്റ്റിലേക്ക് മാറ്റിയാതെണെന്ന് കരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ കമാൻഡറായ റിയർ അഡ്മിറൽ ഫ്രെഡറിക് ഗോൾഡ്‌ഹാമർ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. തങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും ബഹ്‌റൈനുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഗൾഫ് മേഖലയിലും ചെങ്കടലിലും ഉണ്ടായ സംഭവവികാസങ്ങൾ നമുക്കറിയാവുന്നതാണ്. സമാധാനം ഉറപ്പുവരുത്താൻ തങ്ങളുടെ പ്രതിരോധ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ ഈ മേഖലയിലേക്ക് കൊണ്ടുവന്നതെന്നും ഗോൾഡ്‌ഹാമർ കൂട്ടിച്ചേർത്തു.
1975ൽ പ്രവർത്തനമാരംഭിച്ച യു.എസ്.എസ് നിമിറ്റ്സിന്‍റെ കാലാവധി അടുത്ത വർഷം അവസാനിക്കും. 51 വർഷത്തെ പ്രവർത്തന പരിചയം കപ്പലിനുണ്ട്. സാധാരണയായി 50 വർഷമാണ് ഇത്തരം വിമാനവാഹിനിക്കപ്പലുകളുടെ സേവന കാലാവധി. അതിനാൽ കപ്പലിനെ സേവനത്തിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇതിനുള്ള നടപടിക്രമങ്ങൾ അടുത്ത വർഷം മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020-ന് ശേഷം ആദ്യമായാണ് ഒരു വിമാനവാഹിനിക്കപ്പൽ ബഹ്‌റൈനിൽ എത്തുന്നത്. യു.എസ് നാവിക സേനയുടെ ഈ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ ഒരു പ്രധാന കേന്ദ്രമാണെന്ന് റിയർ അഡ്മിറൽ ഗോൾഡ്‌ഹാമർ വ്യക്തമാക്കി. യു.എസ് നാവിക സേനയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ബഹ്‌റൈനിലാണ്. ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയുള്ള കടൽ മേഖല, അതായത് അറബിക്കടൽ, ഒമാൻ ഉൾക്കടൽ, ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ എന്നിവ അഞ്ചാം കപ്പൽപടയുടെ പ്രവർത്തന പരിധിയിൽ വരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

