Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിലുടമകൾക്കും...

തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്‍റെ അംഗീകാരം

text_fields
bookmark_border
തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്‍റെ അംഗീകാരം
cancel

മനാമ: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്നരീതിയിൽ പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്‍റെ അംഗീകാരം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയമം ഒരു ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള നിർദേശം കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാർലമെന്‍റിലുന്നയിച്ചത്. അത് സംബന്ധിച്ച കരട് നിയമവും ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബറോടെ പാർലമെന്‍റ് അംഗീകരിച്ച നിർദേശം പിന്നീട് ശൂറ കൗൺസിലിന്‍റെ തുടർഅനുമതികൾക്കായി വിട്ടതായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ശൂറ കൗൺസിൽ യോഗത്തിൽ നിർദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

കൗൺസിൽ യോഗത്തിൽ നിയമകാര്യ മന്ത്രി, ആക്ടിങ് ലേബർ മന്ത്രി, ആക്ടിങ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ( എൽ.എം.ആർ.എ) ചെയർമാൻ യൂസഫ് ഖലാഫ് എന്നിവർ സന്നിഹിതരായിരുന്നു. തൊഴിലാളികളുടെ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും അല്ലെങ്കിൽ അവരെ നാട്ടിലേക്കയക്കുന്നതിനും തൊഴിലുടമ നിയമപരമായി ഉത്തരവാദിയാണെന്ന് യൂസഫ് ഖലാഫ് പറഞ്ഞു. നിയമലംഘന പരിഹാരം ഒറ്റത്തവണ മാത്രമേ അനുവദിക്കുള്ളൂ എന്നും ആവർത്തിച്ചുള്ള ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഭേദഗതി പ്രകാരം, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പിഴയിൽ ഇളവ് ലഭിക്കും. മാത്രമല്ല ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റോ മറ്റ് കമ്പനികളുടെ പെർമിറ്റോ ഉള്ള തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് 1,000 ദിനാറാണ് നിലവിൽ പിഴ. ഇത് 500 ദിനാറായി കുറയ്ക്കും. ലംഘനം ആവർത്തിച്ചാൽ അത് ഇരട്ടിയാക്കും. അറിയിപ്പ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ കമ്പനി, ലംഘനം തീർപ്പാക്കുകയാണെങ്കിൽ ഈ കുറഞ്ഞ പിഴയുടെ ആനുകൂല്യം ലഭിക്കും. വിസ കാലാവധി കഴിഞ്ഞ തൊഴിലാളികളിൽനിന്ന് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തി.

നേരത്തെ, വർക്ക് പെർമിറ്റ് പുതുക്കുന്നതിൽ പരാജയപ്പെട്ടാൽ ആദ്യ ദിവസം മുതൽ 1,000 ദിനാറായിരുന്നു പിഴ. പുതിയ ഭേദഗതി പ്രകാരം വർക്ക് പെർമിറ്റ് കാലഹരണപ്പെട്ട് 10 ദിവസത്തിനുള്ളിൽ ലംഘനം കണ്ടെത്തിയാൽ 100 ദിനാറായിരിക്കും പിഴ. പെർമിറ്റ് കാലഹരണപ്പെട്ട് 10-നും 20-നും ഇടയിൽ ലംഘനം കണ്ടെത്തിയാൽ പിഴ 200 ആകും. പെർമിറ്റ് കാലഹരണപ്പെട്ട് 20-നും 30-നും ഇടയിൽ ലംഘനം കണ്ടെത്തിയാൽ പിഴ 300 ദിനാർ. കുറ്റം ആവർത്തിച്ചാൽ പിഴ 1,000 ആകും. പിഴയടച്ച് ലംഘനങ്ങൾ ക്രമവത്കരിക്കാൻ പുതിയ നിയമം അനുവദിക്കുന്നു. അറിയിപ്പ് ലഭിച്ച് 14 പ്രവൃത്തി ദിവസത്തിനുള്ളിൽ നിശ്ചിത തുക അടച്ച് ലംഘനങ്ങൾ പരിഹരിക്കാം. സെറ്റിൽമെന്റ് തുക പൂർണമായി അടച്ചാൽ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

സെറ്റിൽമെന്റുകൾക്കുള്ള പ്രത്യേക നടപടിക്രമങ്ങൾ എൽ.എം.ആർ.എ ബോർഡ് തയാറാക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബഹ്റൈനിൽ 30000ത്തോളം അനധികൃത പ്രവാസി തൊഴിലാളികളുണ്ടെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യുട്ടിവ് നിബ്രാസ് താലിബ് വ്യക്തമാക്കി. കൂടാതെ 45000 പ്രവാസികളെ നാടുകടത്തുകയോ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പാർലമെന്‍റ് അംഗങ്ങൾ രംഗത്തുണ്ട്. സ്വദേശി വത്കരണത്തിന്‍റെ ആവശ്യകതകളെ സൂചിപ്പിച്ച് ചില എം.പിമാർ നിർദേശത്തിന് അംഗീകാരം നൽകരുതെന്ന നിർദേശവും നേരത്തെ പാർമലെന്‍റിൽ ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fines Exemption
News Summary - amendment to provide exemption from fines for employers and workers
Next Story