അലുമിനിയം പാത്രങ്ങൾ അപകടകാരിയാണ്
text_fieldsമനാമ: ഭാരം കുറവ്, കുറഞ്ഞ വില, വിപണിയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന വൈവിധ്യമാർന്ന രൂപങ്ങൾ തുടങ്ങിയ കാരണങ്ങളാൽ നമ്മുടെ അടുക്കളകളിൽ അവിഭാജ്യഘടകമാണ് അലുമിനിയം പാത്രങ്ങൾ. എന്നാൽ, പാചകത്തിനായി ഈ പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പാചക പ്രക്രിയയിൽ, പ്രത്യേകിച്ച് പുളിയിലുള്ളതോ ഉപ്പുള്ളതോ ആയ ഭക്ഷണങ്ങൾ പാചകം ചെയ്യുമ്പോൾ, ചെറിയ അളവിൽ അലുമിനിയം കണികകൾ ഭക്ഷണത്തിൽ കലരുകയും അത് നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യുന്നു. ഇത് കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മാരകരോഗങ്ങൾക്കുവരെ സാധ്യത
ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന അലുമിനിയം കണികകൾ നാഡീകോശങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. തലച്ചോറിൽ അലുമിനിയം കേന്ദ്രീകരിക്കുന്നത് ഓർമക്കുറവിന് കാരണമാകുന്ന അൽഷിമേഴ്സ് പോലുള്ള നാഡീവ്യൂഹ രോഗങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നു. കാൻസർ, പൾമണറി ഫൈബ്രോസിസ് (ശ്വാസകോശത്തിലെ തകരാറ്), മറ്റ് ശ്വാസകോശ രോഗങ്ങൾ, അസ്ഥി രോഗങ്ങൾ എന്നിവക്കും അലുമിനിയത്തിന്റെ അമിതമായ അളവ് കാരണമാകുന്നതായി പഠനങ്ങളുണ്ട്. അലുമിനിയം ശരീരത്തിൽ പ്രവേശിച്ചാൽ അത് പ്രധാനമായും ടിഷ്യൂകൾ, എല്ലുകൾ, ശ്വാസകോശങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിക്കപ്പെടുകയും നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അലുമിനിയം ശരീരത്തിലെത്തുന്ന മറ്റ് വഴികൾ
പാചകപാത്രങ്ങൾ കൂടാതെ മറ്റ് പല മാർഗങ്ങളിലൂടെയും അലുമിനിയം നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, കുടിവെള്ളം എന്നിവയിലൂടെ ചെറിയ അളവിൽ അലുമിനിയം സ്വാഭാവികമായി ശരീരത്തിലെത്തും. അലൂമിനിയം ഹൈഡ്രോക്സൈഡ് അടങ്ങിയ ചില മരുന്നുകൾ, അലുമിനിയം ക്ലോറൈഡ് അടങ്ങിയ ഡിയോഡറന്റുകൾ എന്നിവയുടെ ഉപയോഗവും അലുമിനിയം സാന്നിധ്യം കൂട്ടാം. പ്രതിദിനം ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.143 mg എന്ന നിലയിൽ അലുമിനിയം ശരീരത്തിലെത്തുന്നത് പ്രശ്നകരമല്ല. എന്നാൽ ഈ അളവ് വർധിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറുന്നു.
സുരക്ഷിതമായ പാചകരീതിക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ അപകടസാധ്യത കുറക്കാൻ ചില മുൻകരുതലുകൾ എടുക്കാം. പുളി കൂടുതലുള്ള തക്കാളി, വിനാഗിരി, പുളിയുള്ള കറികൾ, അതുപോലെ ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവ അലുമിനിയം പാത്രങ്ങളിൽ ദീർഘനേരം പാചകം ചെയ്യുന്നത് ഒഴിവാക്കുക. പാത്രങ്ങൾ ശക്തമായി ഉരച്ചുകഴുകുന്നത് അലുമിനിയത്തിന്റെ മുകളിലെ സംരക്ഷിത പാളി നീക്കം ചെയ്യുകയും കൂടുതൽ കണികകൾ ഭക്ഷണത്തിൽ കലരാൻ കാരണമാവുകയും ചെയ്യും. കറുപ്പ് അല്ലെങ്കിൽ ചാരനിറത്തിലുള്ള പോളിമർ കൊണ്ട് പൊതിഞ്ഞ നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ പോറലുകൾ ഉണ്ടായാൽ എളുപ്പത്തിൽ ശ്രദ്ധയിൽപ്പെടും. എന്നാൽ അലുമിനിയം പാത്രങ്ങളിൽ ഇത്തരം തകരാറുകൾ തിരിച്ചറിയാൻ പ്രയാസമാണ്.
പാത്രങ്ങളുടെ വില നോക്കാതെ സ്ക്രാച്ച് പ്രൂഫ്, സ്റ്റിക്ക് പ്രൂഫ് ഗുണമേന്മയുള്ള കുക്ക് വെയറുകൾ തെരഞ്ഞെടുക്കാൻ ബന്ധപ്പെട്ടവർ ഉപദേശിക്കുന്നു. സുരക്ഷിതമായ പാചകത്തിനായി സ്റ്റീൽ, കാസ്റ്റ് അയേൺ പോലുള്ള മറ്റ് പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

