അൽസായ ദ്വീപ് ഇനി വിനോദസഞ്ചാരകേന്ദ്രം
text_fieldsമനാമ: മുഹറഖിലെ അൽ സായ ദ്വീപിനെ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാൻ തീരുമാനം. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഇതുസംബന്ധിച്ച് ബഹ്റൈൻ അതോറിറ്റി ഫോർ കർചർ ആൻഡ് ആന്റിക്വിറ്റീസിന് (ബക്ക) നിവേദനം നൽകിയിരുന്നു. ദ്വീപിനെ സംരക്ഷിക്കാനുള്ള തീരുമാനം ബക്ക പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ മുനിസിപ്പൽ കൗൺസിലിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ അന്നത്തെ ബക്ക പ്രസിഡന്റായിരുന്ന ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ ദ്വീപിനെ ദേശീയ പൈതൃകമാക്കി അംഗീകരിച്ചിരുന്നു.
സർവേ ഓഫ് ലാൻഡ് രജിസ്ട്രേഷനോട് മാപ്പുകളിലും മറ്റും ദ്വീപിനെ സംരക്ഷിതപ്രദേശമാക്കി അടയാളപ്പെടുത്താനും അവർ നിർദേശിച്ചിരുന്നു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് അൽസയ ദ്വീപ്. ചരിത്രത്തിലും ഐതിഹ്യത്തിലും ദ്വീപുമായി ബന്ധപ്പെട്ട കഥകൾ ധാരാളമുണ്ട്. പഴയ കോട്ടയുടേതെന്ന് തോന്നിപ്പിക്കുന്ന അവശിഷ്ടങ്ങൾ ദ്വീപിൽ ഇപ്പോഴുമുണ്ട്. പ്രതിരോധത്തിനുവേണ്ടി നിർമിച്ചതെന്ന് കരുതപ്പെടുന്ന ഗോപുരത്തിന്റെ ഭിത്തികൾ അവിടം സന്ദർശിച്ചാൽ കാണാം. ദ്വീപിനെ സംരക്ഷിത പ്രദേശമാക്കാനുള്ള തീരുമാനം ശൈഖ മായി ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ബഹ്റൈൻ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ദ്വീപിന്റെ ചരിത്രപ്രാധാന്യം സംബന്ധിച്ച് പഠനങ്ങൾ നടന്നിരുന്നു. കഴിഞ്ഞ വർഷം ഇതോടനുബന്ധിച്ച് ദ്വീപിൽ ഉദ്ഖനനമുൾപ്പെടെ നടന്നിരുന്നു. ദ്വീപ് സ്വാഭാവിക നിർമിതിയല്ലെന്നും മനുഷ്യനിർമിതമാണെന്നുമാണ് ഉദ്ഖനനത്തിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ രെപാ. റോബർട്ട് കാർട്ടർ കണ്ടെത്തിയത്.
1200 വർഷംമുമ്പ് ശുദ്ധജല സംഭരണിയായി ദ്വീപിനെ മാറ്റിത്തീർക്കുകയായിരുന്നെന്നാണ് നിഗമനം. അന്നത്തെ ബഹ്റൈൻ ജനതയുടെ എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ തെളിവാണതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. കോട്ടപോലെ ചുറ്റും കെട്ടിയശേഷം കടൽ മണ്ണിട്ട് നികത്തുകയായിരുന്നു. ശുദ്ധജല സംഭരണി എന്ന നിലയിലാണ് ദ്വീപിനെ ഉപയോഗപ്പെടുത്തിയിരുന്നത്. ബോട്ടുകളിൽ മറ്റു കരകളിലേക്ക് ശുദ്ധജലം കൊണ്ടുപോയിരുന്നതായും ചരിത്രകാരന്മാർ പറയുന്നു. ദ്വീപിന്റെ പൈതൃകം സംരക്ഷിക്കുന്ന തരത്തിലുള്ള നവീകരണ പ്രവൃത്തികളാണ് ഉദ്ദേശിക്കുന്നതെന്ന് ബക്ക അറിയിച്ചിട്ടുണ്ട്.
വിനോദ സഞ്ചാരികളെയും ചരിത്രാന്വേഷികളെയും ആകർഷിക്കുന്ന തരത്തിൽ കഫേകളും കിയോസ്കുകളും നിർമിക്കാനാണ് പദ്ധതി. ദ്വീപിന്റെ മധ്യത്തിലായി സ്വാഭാവികമായ ഫൗണ്ടന് സമാനമായ ജലപാതമടക്കമുണ്ട്. ഇതടക്കം സംരക്ഷിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് നടക്കുക. പവിഴപ്പുറ്റുകളും ഏഴാം നൂറ്റാണ്ടിലുപയോഗിച്ചിരുന്ന മൺപാത്രങ്ങളുമടക്കം ദ്വീപിൽനിന്ന് കണ്ടെത്തിയിരുന്നു. മുത്തുവ്യാപാരവുമായി അന്നുമുതലേ ദ്വീപിന് ബന്ധമുണ്ടായിരുന്നെന്നും പുരാവസ്തു ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.