ഷുറൂഖ് നിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നെന്ന് ആരോപണം
text_fieldsഷുറൂഖ് പ്രദേശം
മനാമ: വർഷങ്ങളായുള്ള വാഗ്ദാനങ്ങൾക്കിടയിലും അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് മുഹറഖിലെ പുതുതായി വികസിപ്പിച്ച ഷുറൂഖ് (ബ്ലോക്ക് 254) ഏരിയയിലെ താമസക്കാർ. മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാനും ഏരിയ കൗൺസിലറുമായ സാലിഹ് ബുഹാസയാണ് അധികൃതരുടെ അനാസ്ഥക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പ്രദേശത്തെ അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും നിഷേധിക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിർമാർജന സൗകര്യമില്ലായ്മ, ആവശ്യത്തിന് തെരുവ് വിളക്കില്ലായ്മ, മോശം റോഡുകൾ എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. പ്രദേശത്ത് ശരിയായ മാലിന്യനിർമാർജന സൗകര്യമില്ലാത്തതിനാൽ താമസക്കാർ പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ അനാരോഗ്യകരമായ ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതരാവുകയാണെന്ന് ബുഹാസ ആരോപിച്ചു. പ്രദേശത്ത് അടിസ്ഥാനസൗകര്യവികസന പദ്ധതികൾ നടപ്പാക്കാനുള്ള ആവർത്തിച്ചുള്ള വാഗ്ദാനങ്ങൾ പാലിക്കാൻ തൊഴിൽ മന്ത്രാലയം തയാറാകണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു.
മറ്റ് പൗരന്മാരെപ്പോലെ നികുതികളും സേവന ഫീസുകളും അടച്ചിട്ടും തങ്ങളെ അവഗണിച്ചതിൽ പ്രദേശവാസികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ, ഈ പ്രശ്നങ്ങൾ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് പൊതുജനാരോഗ്യ ഭീഷണികളും ഗതാഗതക്കുരുക്കുകളുമായി മാറിയേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

