എല്ലാ ബഹ്റൈൻ നിയമങ്ങളും ഇനി ഇംഗ്ലീഷിൽ ലഭ്യം
text_fieldsമനാമ: എല്ലാ ബഹ്റൈൻ നിയമങ്ങളും ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന നടപടി പൂർത്തിയായി. ലെജിസ്ലേഷൻ ആൻഡ് ലീഗൽ ഒപ്പീനിയൻ കമീഷൻ (എൽ.എൽ.ഒ.സി) ആണ് നടപടികൾ പൂർത്തിയാക്കിയത്. വിവർത്തനം ചെയ്ത നിയമങ്ങൾ ഇപ്പോൾ LLOC-യുടെ വെബ്സൈറ്റ് https://www.lloc.gov.bh/ വഴി ലഭ്യമാണ്. 1948 ലെ ഔദ്യോഗിക ഗസറ്റിന്റെ ആദ്യ ലക്കം മുതൽ ലഭിക്കും. നിയമനിർമാണങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് ലഭ്യമാക്കിയത്, ഹമദ് രാജാവിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ നിയമനിർമാണ മേഖലയുടെ ഉയർന്നതും വികസിതവുമായ പദവിയെ പ്രതിഫലിപ്പിക്കുന്നതായി എൽ.എൽ.ഒ.സി പ്രസിഡന്റ് നവാഫ് അബ്ദുല്ല ഹംസ പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മാർഗ നിർദേശമനുസരിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.

