‘ഓണമായെടി പെണ്ണേ’, കേരളത്തനിമയിൽ പ്രവാസഭൂമിയിലൊരു ആൽബം
text_fields‘ഓണമായെടി പെണ്ണേ’ ആൽബം പോസ്റ്റർ പുറത്തിറക്കുന്നു
മനാമ: ഓണം അടുത്തെത്തിയതോടെ കേരളത്തനിമയിൽ ഓണം ആൽബം ഒരുക്കിയിരിക്കുകയാണ് പ്രവാസി കലാകാരൻമാർ. പ്രവാസ ലോകത്ത് വെച്ച് തന്നെ ഓണപ്പാട്ടിന്റെ ഒരു ആൽബം ഒരുക്കുക എന്നത് ഗാനരചയിതാവും, സംവിധായകനുമായ ജിതേഷ് വേളത്തിന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ വർഷം ഇതിന്റെ തുടക്കം എന്നോണം ഒരു വിഡിയൊ ആൽബം ഒരുക്കി. അത് ശ്രദ്ധേയമായതോടെയാണ് ഈ വർഷവും ഓണത്തിന് ആൽബം ഒരുക്കാൻ തീരുമാനിച്ചത്.
ഒരു കൂട്ടം കലാകാരൻമാർ അതിന് പിന്തുണയുമായി എത്തി. കേരളം പോലെ തോന്നിപ്പിക്കുന്ന ഇടങ്ങളിൽ കേരളീയ വേഷങ്ങളോടെ ചിത്രീകരണം നടത്താനായിരുന്നു ശ്രമം. നേരത്തെ തന്നെ പച്ചപ്പുകൾ ഉള്ള ലൊക്കേഷനുകൾ അതിനായി കണ്ടുവെച്ചു. ജിതേഷ് വേളം തന്നെ രചന നിർവ്വഹിച്ച ‘മേലേ വാനം മഴവില്ല് തീർത്തു, താഴെ ഭൂമിയിൽ പൂക്കളം തീർത്തു’ എന്ന ഗാനമാണ് ‘ഓണമായെടി പെണ്ണേ’ എന്ന ആൽബത്തിലുള്ളത്. സംഗീത സംവിധായകൻ, ഗായകൻ, മാധ്യമ പ്രവർത്തകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ രാജീവ് വെള്ളിക്കോത്ത് സംഗീതസംവിധാനം നിർവഹിച്ചു. സ്റ്റാർ സിംഗർ ഫെയിം അരുൺ കുമാർ പാലേരിയാണ് പാടിയത്. വിഷ്ണു നട്ടാത്തും, രാജേഷ് മാഹിയും ക്യാമറ കൈകാര്യം ചെയ്തു. ബിനോജ് പാവറട്ടി, രമ്യ ബിനോജ്, സാന്ദ്രാനിഷിൽ എന്നിവർ കോറിയോഗ്രാഫിയും നിഖിൽ വടകര എഡിറ്റിങും നിർവഹിച്ചു. ബഹ്റൈനിലെ നിരവധി കലാകാരികളും,കലാകാരൻമാരും അഭിനയിച്ച ആൽബം ജെ.വി മീഡിയ നിർമ്മിച്ച്, ജിതേഷ് വേളംതന്നെയാണ് സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം ആന്തലൂസ് ഗാർഡനിൽ വെച്ച് പോസ്റ്റർ പ്രകാശനം നടന്നു. ആഗസ്റ്റ് 20 ന് ജെ. വി മീഡിയ യൂടൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

