അലസ്ക ഉച്ചകോടി; ട്രംപിനും പുടിനും അഭിനന്ദന സന്ദേശമയച്ച് ഹമദ് രാജാവ്
text_fieldsമനാമ: അമേരിക്കയിലെ അലസ്കയിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അഭിനന്ദന സന്ദേശമയച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനും യൂറോപ്പിലും ലോകമെമ്പാടും ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഉച്ചകോടി നൽകിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.
ഉച്ചകോടിയെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ വാക്കുകളെയും അദ്ദേഹം അഭിനന്ദിച്ചു. ആഗോള സമാധാനം സ്ഥാപിക്കുന്നതിൽ യു.എസ് പ്രസിഡന്റ് നടത്തിയ ശ്രമങ്ങൾ നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്റൈനും യു.എസും തമ്മിലുള്ള അടുത്ത സൗഹൃദത്തിലും തന്ത്രപരമായ പങ്കാളിത്തത്തിലുമുള്ള അഭിമാനം അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര സമാധാനം ശക്തിപ്പെടുത്തുന്നതിനും പരസ്പര ധാരണ വർധിപ്പിക്കുന്നതിനും യുക്രെയ്ൻ പ്രതിസന്ധിക്ക് നീതിയുക്തമായ പരിഹാരം കാണുന്നതിനും റഷ്യൻ പ്രസിഡന്റ് പുടിൻ നടത്തിയ ശ്രമങ്ങളെയും സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും രാജാവ് അഭിനന്ദിച്ചു. ബഹ്റൈനും റഷ്യയും തമ്മിലുള്ള അടുത്ത സൗഹൃദത്തിലും തന്ത്രപരമായ പങ്കാളിത്തത്തിലുമുള്ള അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു. സമാധാനത്തിലേക്കുള്ള വഴിയിൽ പ്രതീക്ഷ നൽകുന്ന ഒരു ചരിത്രപരമായ നീക്കമാണ് ഈ ഉച്ചകോടിയെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

