അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് വിഭാഗം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
text_fieldsഅൽ നൂർ ഇന്റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് വിഭാഗം എ ലെവലിലെ 25ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ്
മനാമ: ബ്രിട്ടീഷ് വിഭാഗം എ ലെവലിലെ 25ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് അൽ നൂർ ഇന്റർനാഷനൽ സ്കൂൾ.ഗൾഫ് ഹോട്ടലിലെ കോൺഫറൻസ് സെന്ററിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് വിഭാഗത്തിലെ 82 എ ലെവൽ വിദ്യാർഥികൾക്കാണ് ബിരുദം നൽകിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ആസൂത്രണ, ലൈസൻസിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സനാ സഈദ് അൽ ഹദ്ദാദും നിരവധി ഉദ്യോഗസ്ഥരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും നൽകിയ അചഞ്ചലമായ പിന്തുണക്കും ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും സ്കൂൾ ചെയർമാൻ അലി ഹസ്സൻ നന്ദി രേഖപ്പെടുത്തി.
വിദ്യാർഥികളുടെ മികച്ച പ്രകടനത്തെ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽ കൂഹെജി അഭിനന്ദിക്കുകയും അവരുടെ ഭാവി സംരംഭങ്ങളിൽ തുടർന്നും വിജയം നേടട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഓരോ വർഷവും ലോകത്തിലെ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടുകയും പിന്നീട് ലോകപ്രശസ്ത കമ്പനികളിൽ ജോലി ചെയ്യുകയും ചെയ്യുന്ന സ്കൂളിലെ ബിരുദധാരികളിൽ തനിക്ക് അഭിമാനമുണ്ടെന്ന് സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് പറഞ്ഞു. വിദ്യാർഥികൾക്ക് മികച്ച വിജയം നേടാനായി പ്രയത്നിക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. പഠനകാലയളവിലുടനീളം നൽകിയ പിന്തുണക്ക് ബിരുദധാരികൾ സ്കൂളിന് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

