അൽ നൂർ ഇന്‍റർനാഷണൽ സ്കൂളിന് ഗോൾഡ് സീൽ അവാർഡ്
text_fieldsബഹ്‌റൈനിലെ വിദ്യാഭ്യാസ ബഹുമതിയായ ഗോൾഡ് സീൽ പുരസ്കാരം അൽ നൂർ ഇന്റർനാഷണൽ സ്കൂൾ സ്ഥാപകനും ചെയർമാനുമായ അലി ഹസൻ ഏറ്റുവാങ്ങുന്നു
മനാമ: ബഹ്‌റൈനിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ ഗോൾഡ് സീൽ പദവി കരസ്ഥമാക്കി അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ. എജുക്കേഷൻ ആൻഡ് ട്രെയിനിംഗ് ക്വാളിറ്റി അതോറിറ്റിയിൽ (ബി.ക്യു.എ) നിന്നാണ് അഭിമാനകരമായ ഈ പദവി സ്കൂളിന് ലഭിച്ചത്. ബഹ്‌റൈൻ മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരമുള്ള “ഔട്ട് സ്റ്റാന്‍റിങ്” സ്ഥാപനമെന്ന പദവി ഈ അംഗീകാരത്തോടെ സ്കൂളിന് ലഭിക്കും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അണ്ടർസെക്രട്ടറി നവാൽ അൽ ഖാത്തർ, എജുക്കേഷൻ ആൻഡ് ട്രെയിനിങ് ക്വാളിറ്റി അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം ഹസ്സൻ മുസ്തഫ എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് ദാന ചടങ്ങ്. സ്കൂൾ സ്ഥാപകനും ചെയർമാനുമായ അലി ഹസനാണ് ഗോൾഡ് സീൽ ഏറ്റുവാങ്ങിയത്. സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും അക്ഷീണമായ പ്രയത്നത്തിന്‍റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് അവാർഡ് സ്വീകരിച്ച് സംസാരിക്കവേ അലി ഹസൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടും, ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കും ഹിസ് റോയൽ ഹൈനസ് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയോടും അദ്ദേഹം നന്ദി അറിയിച്ചു. വിദ്യാഭ്യാസ മേഖലയെ മികവിലേക്കും രാജ്യത്തിന്‍റെ അഭിലാഷങ്ങൾക്കനുസരിച്ചും നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ മന്ത്രി ഹിസ് എക്സലെൻസി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
ഈ നേട്ടം വർഷങ്ങളായുള്ള സഹകരണത്തിന്‍റെയും മികവിനായുള്ള കൂട്ടായ പ്രതിബദ്ധതയുടെയും ഫലമാണെന്ന് സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് അഭിപ്രായപ്പെട്ടു. ദീർഘവീക്ഷണവും അർപ്പണബോധവും കൂട്ടായ പ്രവർത്തനവും ഒന്നിക്കുമ്പോഴാണ് ഇത്തരം നാഴികക്കല്ലുകൾ സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുർ റഹ്മാൻ അൽ-കുഹേജി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിനും ബി.ക്യു.എക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈ അംഗീകാരം ഒരു അവസാനമല്ലെന്നും, കൂടുതൽ പുതുമകളിലേക്കും മികവിലേക്കുമുള്ള ഒരു പുതിയ യാത്രയുടെ ആരംഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾ വിവിധ ഭാഷകളിൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ലിമർ അമ്മാർ അറബിയിലും അഹമ്മദ് അബ്ദുൾ റഹീം ഇംഗ്ലീഷിലും മുഹമ്മദ് വസീം ഫ്രഞ്ചിലുമാണ് അതിഥികളെ വരവേറ്റത്. ഇത് സ്കൂളിന്‍റെ ആഗോള കാഴ്ചപ്പാടും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു.
ഇനി കൂടുതൽ പ്രൗഢിയോടെ
ബഹ്‌റൈനിലെ ഒരു മുൻനിര വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ അൽ നൂർ ഇന്‍റർനാഷനൽ സ്കൂളിന്‍റെ സ്ഥാനം ഈ നേട്ടം കൂടുതൽ ഉറപ്പിക്കുന്നു. ഗുണമേന്മ, നേതൃത്വം, നവീകരണം എന്നിവയുടെ പ്രതീകമായി നിലകൊള്ളുന്ന സ്കൂൾ, തുടർച്ചയായ വിജയങ്ങളിലേക്കും വിദ്യാഭ്യാസ മികവിലേക്കും കുതിക്കുകയാണ്.
ബ്രിട്ടീഷ്, അറബിക്, ഇന്ത്യൻ തുടങ്ങി മൂന്ന് കരിക്കുലങ്ങൾ ഉള്ള ബഹ്‌റൈനിലെ ഏക സ്കൂൾ കൂടിയാണ് അൽനൂർ. ബഹു-സാംസ്കാരികവുമായ ഒരു മുൻനിര വിദ്യാലയമായി നിലകൊള്ളാൻ അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ പ്രതിജ്ഞാബദ്ധമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് ആവശ്യമായ അറിവും കഴിവുകളും നൽകുകയും ദേശീയ, ആഗോള തലങ്ങളിൽ അർഥപൂർണമായ സംഭാവനകൾ നൽകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

