വിദ്യാഭ്യാസ മികവിന് അമൂല്യ നേട്ടവുമായി അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ
text_fieldsവിദ്യാഭ്യാസ മികവിനുള്ള എജുക്കേഷൻ ആൻഡ് ട്രെയിനിങ് ക്വാളിറ്റി അതോറിറ്റി ( ബി.ക്യു.എ) ഔട്ട്‌സ്റ്റാൻഡിങ് ഗ്രേഡ് സ്വന്തമാക്കി അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ. സ്കൂളിന്‍റെ വിദ്യാഭ്യാസ, പരിശീലന മേഖലകളിലും നടത്തിപ്പിലും മികച്ച ഗുണനിലവാരം പുലർത്തിയതിനെ തുടർന്നാണ് ഈ അംഗീകാരം. സ്കൂൾ ചെയർമാൻ അലി ഹസൻ വിദ്യാഭ്യാസ മേഖലക്ക് ബഹ്റൈൻ നൽകുന്ന അചഞ്ചലമായ പിന്തുണക്കും ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും നന്ദി അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾക്കും പിന്തുണക്കും മുന്നേറ്റങ്ങൾക്കായുള്ള ശ്രമങ്ങൾക്കും വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയോടും അദ്ദേഹം ഈ വേളയിൽ ആത്മാർഥമായ നന്ദി അറിയിച്ചു.
ഈ അംഗീകാരം സ്കൂളുമായി ബന്ധപ്പെട്ട മുഴുവൻ പേരുടെയും അർപ്പണബോധത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും തെളിവാണെന്നും കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടം വർഷങ്ങളായുള്ള മികച്ച സഹകരണത്തിൻന്‍റെയും മികവിനായുള്ള ഒരു പൊതുവായ കാഴ്ചപ്പാടിന്റെയും ഫലമാണെന്നും ഓരോ വിദ്യാർഥിക്കും കഴിവുറ്റ രീതിയിൽ വളരാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധയെന്നും ബി.ക്യു.എ നേട്ടം ഞങ്ങളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദും വ്യക്തമാക്കി. 'ഔട്ട്‌സ്റ്റാൻഡിങ്' റേറ്റിംഗ് ഞങ്ങളുടെ അധ്യാപകരുടെ ആത്മാർത്ഥതയെയും അർപ്പണബോധത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പ്രചോദനമായും പിന്തുണയുമായും അവർ നിരന്തരം കഠിനാധ്വാനം ചെയ്യുകയാണ്. ഈ നേട്ടം അവർ കാണിക്കുന്ന ആത്മാർഥതക്കും മികച്ച പഠന സഹചര്യമൊരുക്കിയതിനുമുള്ള അംഗീകാരമാണെന്ന് അഭിനന്ദിച്ചു കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ അൽ കൂഹെജി പറഞ്ഞു.
സ്കൂളിന്റെ പ്രത്യേകതകളും നേട്ടങ്ങളും
ബ്രിട്ടീഷ്, സി.ബി.എസ്.ഇ, ബഹ്‌റൈൻ നാഷണൽ കരിക്കുലം എന്നീ മൂന്ന് പാഠ്യപദ്ധതികളുള്ള സ്ഥാപനമാണെന്ന ഖ്യാതി അൽ നൂർ ഇന്‍റർനാഷനലിനുണ്ട്. 51 രാജ്യങ്ങളിൽ നിന്നുള്ള 8500ത്തിലധികം വിദ്യാർഥികൾ നിലവിൽ സ്കൂളിൽ പഠിക്കുന്നുണ്ട്. ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മികച്ച അധ്യാപകരും സ്കൂളിന്‍റെ ഭാഗമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഐ.ജി.സി.എസ്.ഇ, എ.എസ്, എ ലെവൽ പരീക്ഷകളിൽ ലോക തലത്തിൽ ടോപ്പർമാരാകുന്നത് അൽ നൂറിലെ വിദ്യാർഥികളാണ്. ഇത് സ്കൂളിന് ആഗോള തലത്തിൽ വരെ ശ്രദ്ധനേടിക്കൊടുക്കുന്നുണ്ട്. കൂടാതെ ട്രേഡ് ക്വസ്റ്റ്, റോബോട്ടിക്സ് തുടങ്ങിയ ദേശീയ മത്സരങ്ങളിലും സ്കൂൾ സ്ഥിരമായി വിജയം നേടുന്നുണ്ട്.
ബി.ക്യു.എ 'ഔട്ട്‌സ്റ്റാൻഡിങ്'
ബി.ക്യു.എ 'ഔട്ട്‌സ്റ്റാൻഡിങ്' റേറ്റുചെയ്യുക എന്നാൽ സ്കൂളുമായി ബന്ധപ്പെട്ടു കിടക്കുന്ന മുഴുവൻ കാര്യങ്ങളെയും വിലയിരുത്തുക എന്നതാണ്. അക്കാദമിക മികവ്, വിദ്യാർഥികളുടെ ക്ഷേമം, സമൂഹത്തിന്‍റെ പങ്കാളിത്തം, മാനേജ്മെന്‍റിന്‍റെ ഇടപെടൽ എന്നിവക്ക് ഊന്നൽ നൽകിയാണ് ഇത് തീരുമാനിക്കുക. ഈ നേട്ടം കരസ്ഥമാക്കുക എന്നാൽ ബഹ്‌റൈനിലെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂൾ എന്ന ഖ്യാതി സ്വന്തമാവുക എന്നാണ്.
സ്കൂളിനെ അഭിനന്ദിച്ച് പ്രമുഖർ
അൽ നൂർ സ്കൂളിന്‍റെ ഈ അമൂല്യനേട്ടത്തിന് പ്രമുഖരാണ് അഭിനന്ദനങ്ങളുമായെത്തിയത്. കാംബ്രിഡ്ജ് ഇന്‍റർനാഷനൽ അസസ്മെന്‍റ്, ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ്, ബി.ഡി.എഫ് ഓഫീസേഴ്സ് ക്ലബ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സ്കൂൾ സന്ദർശിക്കുകയും വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു.
സ്കൂളിന്‍റെ ഈ അത്ഭുതകരമായ നേട്ടത്തിൽ താൻ ശരിക്കും സന്തോഷവാനാണെന്നാണ് കാംബ്രിഡ്ജ് ഇന്‍റർനാഷനൽ അസസ്മെന്‍റ് ഗൾഫ്, മിഡിൽ ഈസ്റ്റ് സീനിയർ മാനേജർ, മിസ്റ്റർ അഹ്മദ് അസ്സാഫ് പറഞ്ഞത്. അൽ നൂർ ഇന്‍റർനാഷണൽ സ്കൂൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഉയർന്ന നിലവാരം നിലനിർത്തുന്നതായും ഈ നേട്ടം അവരുടെ ഉയർന്ന നിലവാരത്തിന്‍റെ പ്രതിഫലനമാണെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് യോഗ്യതാ മാനേജർ ജെന്നിഫറും വ്യക്തമാക്കി.
ബി.ഡി.എഫ് ഓഫീസേഴ്സ് ക്ലബ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നുഅ്മാൻ റാഷിദ് അൽ ഹസന് വേണ്ടി പി.ആർ മാനേജർ മാവാഹിബ് മുഹമ്മദ് അൽ ദോസരി സ്കൂൾ ചെയർമാൻ അലി ഹസന് മൊമന്‍റോ സമ്മാനിക്കുകയും, അദ്ദേഹത്തിന്‍റെ നേതൃത്വത്തെയും കഠിനാധ്വാനത്തെയും സ്ഥിരോത്സാഹത്തെയും അഭിനന്ദിക്കുകയും ബഹ്‌റൈൻ സംസ്കാരം നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്ലാമിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

