'അൽ മുൻദിർ' വിജയം: ഹമദ് രാജാവിനും രാജ്യത്തിനും ആശംസാ പ്രവാഹം
text_fieldsമനാമ: രാജ്യത്തിന്റെ ഖ്യാതി വാനോളമുയർത്തിയതിൽ നിർണായ പങ്കുവഹിച്ച അൽ മുൻദിർ ഉപഗ്രഹ വിക്ഷേപണ വിജയത്തെത്തുടർന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിക്കും ആശംസാ പ്രവാഹം. ബഹിരാകാശ ശാസ്ത്ര മേഖലയിൽ രാജ്യം കൈവരിച്ച ഈ നേട്ടങ്ങൾക്കുപിന്നിൽ ഹമദ് രാജാവിന്റെ കാഴ്ചപ്പാടും പ്രതിബദ്ധതയും പിന്തുണയുമാണ്.
കൂടാതെ നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും മറികടന്ന് അൽ മുൻദിറിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച എൻ.എസ്.എസ്.എ വിദഗ്ധരെയും അംഗങ്ങളെയും അവർക്ക് പിന്തുണയും മാർഗനിർദേശങ്ങളും നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലും മാനുഷിക കാര്യങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെയും രാജ്യം ആദരവോടെ പ്രശംസിച്ചു.
രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ തുടങ്ങി രാജ്യത്തിനകത്തെയും പുറത്തെയും നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് ഹമദ് രാജാവിനും ബന്ധപ്പെട്ടവർക്കും പ്രശംസയുമായെത്തിയത്. യു.എ.ഇ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായ ശൈഖ് മൻസൂർ ബിൻ സെയ്ദ് അൽ നഹ്യാൻ ഹമദ് രാജാവിനെ ഫോണിൽ വിളിച്ച് ആശംസയറിയിച്ചു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ പുരോഗതിയിലും പ്രഫഷനലുകളുടെ സംഭാവനകളെയും ചരിത്രപരമായ ശാസ്ത്ര നേട്ടത്തെയും ശൈഖ് മൻസൂർ പ്രശംസിച്ചു.
ആശംസക്ക് മറുപടിയായി ഹമദ് രാജാവ് ശൈഖ് മൻസൂറിനും യു.എ.ഇക്കും ആശംസയും നന്ദിയുമറിയിച്ചു. ബഹിരാകാശ ശാസ്ത്ര മേഖലയിൽ രാജ്യം കൈവരിച്ച നേട്ടത്തിൽ ഹമദ് രാജാവിന്റെ പ്രതിബദ്ധതയും കാഴ്ചപ്പാടുമാണ് പ്രതിഫലിക്കുന്നതെന്ന് ആശംസ വേളയിൽ കിരീടാവകാശിയും പറഞ്ഞു. ഹമദ് രാജാവിനെ അഭിനന്ദനമറിയിച്ച ശൈഖ് നാസർ ബഹിരാകാശ സാങ്കേതികവിദ്യ പ്രാദേശികവത്കരിക്കുന്നതിനും ആഗോള ശാസ്ത്ര പുരോഗതിക്കൊപ്പം മുന്നേറുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ പ്രധാന ചുവടുവെപ്പാണിതെന്നും പദ്ധതിയുടെ വികസന സമയത്ത് വെല്ലുവിളികളെ അതിജീവിക്കുന്നതിൽ എൻ.എസ്.എസ്.എ ടീം സ്വീകരിച്ച ആത്മാർഥതയോടെയുള്ള പ്രവർത്തനങ്ങളെയും പ്രശംസിക്കുന്നതായും പറഞ്ഞു.
സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റും രാജാവിന്റെ പത്നിയുമായ ശൈഖ സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫ, രാജാവിന്റെയും കിരീടാവകാശിയുടെയും പ്രധാനമന്ത്രിയുടെയും പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ഇസ ബിൻ സൽമാൻ വിദ്യാഭ്യാസ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ലേബർ ഫണ്ട് (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും അഭിനന്ദനവുമായെത്തി.
‘അൽ മുൻദിറി’ൽനിന്ന് സിഗ്നലുകൾ ലഭിച്ചുതുടങ്ങി
പൂർണമായും പ്രവർത്തനസജ്ജമായെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു
മനാമ: ബഹ്റൈനിലെ ആദ്യത്തെ തദ്ദേശീയ നിർമിത ഉപഗ്രഹമായ ‘അൽ മുൻദിറി’ൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായി നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ). ഉപഗ്രഹത്തിന്റെ സെൻസറുകൾ ആക്ടീവ് ആയെന്നും പൂർണമായും പ്രവർത്തനസജ്ജമായെന്നും ഗ്രൗണ്ട് സ്റ്റേഷനിലെ വിദഗ്ധർ സ്ഥിരീകരിച്ചു. ‘അൽ മുൻദിർ’ വിജയകരമായി വിക്ഷേപിച്ചതിനെ തുടർന്ന് ബഹ്റൈനിനെ അഭിനന്ദിക്കുകയാണ് ശാസ്ത്രലോകം.
ബഹ്റൈനിനെ അടയാളപ്പെടുത്തുന്ന ദിനമാണിതെന്ന് നാസയിലെ പ്രമുഖ ബഹിരാകാശ സഞ്ചാരി ഡോ. മൈക്കിൾ ബാരറ്റ് പ്രശംസിച്ചു. ബഹ്റൈനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ഈ മേഖലയിലെ സഹകരണം ബഹിരാകാശ ഗവേഷണത്തിലെ ആഗോള പങ്കാളിത്തത്തിന്റെ ഭാവിയിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അൽ മുൻദിർ ശേഖരിക്കുന്ന വിവരങ്ങൾ ബഹ്റൈനിന്റെ കാലാവസ്ഥ നിർണയത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പ്രധാന പങ്കുവഹിക്കുമെന്നും ഡോ.ബാരറ്റ് പറഞ്ഞു.
രാജ്യത്തെ കാലാവസ്ഥ, പരിസ്ഥിതി, കര, കടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പകർത്താനും വിശകലനം ചെയ്യാനും നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് അൽ മുൻദിർ നിർമിച്ചത്. മീഡിയം റെസല്യൂഷൻ സ്പേസ് കാമറ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഇമേജ് പ്രോസസിങ്, സൈബർ സുരക്ഷാ മൊഡ്യൂൾ, റേഡിയോ ട്രാൻസ്മിഷൻ പേലോഡ് എന്നിവ ഉപഗ്രഹത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

