‘അൽ മുൻദിർ’ വിക്ഷേപണം ശനിയാഴ്ചത്തേക്ക് മാറ്റി
text_fieldsമനാമ: പൂർണമായും രാജ്യത്ത് നിർമിച്ച ആദ്യ ഉപഗ്രഹമായ ‘അൽ മുൻദിർ’ വിക്ഷേപണം ശനിയാഴ്ചത്തേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ വിക്ഷേപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ കാലാവസ്ഥ, പ്രതികൂല അന്തരീഷം തുടങ്ങി പ്രതിസന്ധികൾ ഉണ്ടാവുന്ന പക്ഷം വിക്ഷേപണം മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. ഈ മാസം 15 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.39നാണ് ട്രാൻസ് പോർട്ടർ 13ന്റെ ഭാഗമായ ഉപഗ്രഹത്തിന്റെ വിക്ഷേപണം പുനഃക്രമീകരിച്ചത്.
കാലിഫോർണിയയിലെ അമേരിക്കൻ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റാണ് അൽ മുൻദിറിനെ വഹിച്ച് കുതിച്ചുയരുക. നാൽപതോളം ബഹിരാകാശ പെലോഡുകൾ വഹിക്കാൻ ശേഷിയുള്ള ഫാൽക്കൺ 9 പുനരുപയോഗം ചെയ്യാൻ കഴിയുന്ന റോക്കറ്റാണ്.
രാജ്യത്തെ കാലാസ്ഥ, പരിസ്ഥിതി, കര, കടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഡേറ്റകളും വിശകലനം ചെയ്യാൻ നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ഉപഗ്രഹം നിർമിച്ചത്. ചിത്രങ്ങൾ പകർത്താൻ റസലൂഷൻ കാമറകൾ ഉപഗ്രഹത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
വായുവിന്റെ ഗുണനിലവാരം, അന്തരീക്ഷത്തിലെ എണ്ണ ചോർച്ച, മേഘങ്ങളുടെ ചലനം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ അൽ മുൻദിർ ശേഖരിക്കുമെന്നും ഇത് കാലാവസ്ഥ നിർണയത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രധാന ഹേതുവാകുമെന്നും നാഷനൽ സ്പേസ് സയൻസ് ഏജൻസി അധികൃതർ അറിയിച്ചിരുന്നു. എൻ.എസ്.എസ്.എ വെബ്സൈറ്റായ nssa.gov.bhൽ ലോഞ്ച് തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ അപ്ഡേറ്റുകൾ ഇൻസ്റ്റഗ്രാമിലെ @nssa_bhലും ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.