അൽ മസാഹ 2050’ ഗവേഷണക്കപ്പൽ ബഹ്റൈന്റെ നീറ്റിലിറക്കി
text_fields‘അൽ മസാഹ 2050’ന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: അത്യാധുനിക ഗവേഷണക്കപ്പലായ ‘അൽ മസാഹ 2050’ ബഹ്റൈന്റെ നീറ്റിലിറക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധാനം ചെയ്ത് ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് കപ്പൽ ഉദ്ഘാടനം ചെയ്തത്. തന്ത്രപ്രധാനമായ തീരുമാനങ്ങളെ പിന്തുണക്കുന്നതിനും സാമ്പത്തിക വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനും ലക്ഷ്യമിട്ട് സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ (എസ്.എൽ.ആർ.ബി) ദേശീയ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന, നവീകരണ പ്രവർത്തനങ്ങളിൽ ആഭ്യന്തരമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും നാവിക പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും എ.ഐ സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് കപ്പലിന്റെ പ്രവർത്തനമെന്ന് ജനറൽ ശൈഖ് റാശിദ് എടുത്തുപറഞ്ഞു. പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചും സമുദ്ര സംരക്ഷണം ശക്തിപ്പെടുത്തിയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിലനിർത്താനുള്ള ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശങ്ങൾക്കനുസരിച്ച് എല്ലാ മേഖലകളിലും ബഹ്റൈൻ സുസ്ഥിര വികസന, അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് എസ്.എൽ.ആർ.ബി പ്രസിഡന്റ് ബാസിം അൽ ഹാമർ പറഞ്ഞു. സമുദ്രത്തിലെ മണൽശേഖരം കണ്ടെത്തുന്നതിനും അതിന്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് ‘അൽ മസാഹ 2050’ നിർമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിന്റെ അടിത്തട്ട് വിശകലനം ചെയ്യുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ, ത്രിമാന സർവേ സംവിധാനങ്ങൾ, ഉയർന്ന കൃത്യതയുള്ള പൊസിഷനിങ് ഉപകരണങ്ങൾ, തത്സമയ ഡേറ്റ വിശകലനത്തിനുള്ള എ.ഐ സംവിധാനങ്ങൾ എന്നിവ ഈ കപ്പലിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

