അൽ ഹിലാൽ ഇന്റർ-സ്കൂൾ ഹെൽത്ത് ചലഞ്ച് ശ്രദ്ധേയമായി; ദ ഏഷ്യൻ സ്കൂളിന് ഒന്നാം സ്ഥാനം
text_fieldsഅൽ ഹിലാൽ ഗ്രൂപ് സംഘടിപ്പിച്ച ഇന്റർ-സ്കൂൾ സംഘടിപ്പിച്ച ചലഞ്ചിലെ വിജയികൾ
മനാമ: ലോക രക്തസമ്മർദ്ദ ദിനാചരണത്തിന്റെ ഭാഗമായി മുഹറഖ് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ് രാജ്യത്തെ പ്രമുഖ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഇന്റർ-സ്കൂൾ സോഷ്യൽ ഒന്റർപ്രണർഷിപ്പ് ചലഞ്ച്' ശ്രദ്ധേയമായി. തിയറികൾക്ക് പകരം, ആരോഗ്യരംഗത്ത് പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന ഡിജിറ്റൽ പ്രോട്ടോടൈപ്പുകളും പ്രവർത്തന മാതൃകകളും വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്. ലോകത്തെ വലിയൊരു ആരോഗ്യപ്രശ്നമായ രക്തസമ്മർദ്ദത്തെ ചെറുക്കാൻ പുതിയ തലമുറയുടെ സാങ്കേതിക പ്രാവീണ്യവും ഗവേഷണ പാടവവും പ്രയോജനപ്പെടുത്തുന്നതിനുള്ള മികച്ചൊരു വേദിയായി ഈ പ്രദർശനം മാറി.
പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രമുഖ സാമൂഹിക പ്രവർത്തകരായ എബ്രഹാം ജോൺ, സെയ്ദ് എന്നിവരും പങ്കെടുത്തു. കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. രാഹുൽ അബ്ബാസ്, മെഡിക്കൽ പ്രാക്ടീഷണർ ഡോ. അമീറ എ. അമീർ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് മൂല്യനിർണ്ണയം നടത്തിയത്.
മത്സരത്തിൽ 'ദ ഏഷ്യൻ സ്കൂൾ ബഹ്‌റൈൻ' ഒന്നാം സ്ഥാനം കരസ്ഥമാക്കി. 100 ദീനാർ കാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ 'ന്യൂ ഹൊറൈസൺ സ്കൂൾ ബഹ്‌റൈൻ' 50 ദീനാർ കാഷ് പ്രൈസും ട്രോഫിയും സ്വന്തമാക്കി.
ഭാവിയിൽ എഐ അധിഷ്ഠിത ഹെൽത്ത്‌കെയർ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് അൽ ഹിലാൽ മുൻഗണന നൽകുന്നതെന്നും, വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം കണക്കിലെടുത്ത് ഈ ഹെൽത്ത് ചലഞ്ച് എല്ലാ വർഷവും വാർഷിക കലണ്ടറിന്റെ ഭാഗമായി സ്ഥിരമായി സംഘടിപ്പിക്കുമെന്നും അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കായി അൽ ഹിലാൽ ഗ്രൂപ്പ് വലിയൊരു സി.എസ്.ആർ പദ്ധതിയും പ്രഖ്യാപിച്ചു. ഇതനുസരിച്ച് പങ്കെടുത്ത സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ജൂൺ, ജൂലൈ, ഓഗസ്റ്റ് (2026) മാസങ്ങളിൽ അൽ ഹിലാലിന്റെ എല്ലാ ബ്രാഞ്ചുകളിലും സൗജന്യ പീഡിയാട്രിക് കൺസൾട്ടേഷൻ ലഭ്യമാകുമെന്ന് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് അറിയിച്ചു.
ആരോഗ്യ സംരക്ഷണ രംഗത്ത് സ്കൂളുകളും മെഡിക്കൽ സ്ഥാപനങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണം പ്രവാസികൾക്കിടയിലും ബഹ്‌റൈൻ സമൂഹത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അൽ ഹിലാൽ ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ വ്യക്തമാക്കി. അൽ ഹിലാൽ മുഹറഖ് ബ്രാഞ്ച് ഹെഡും ഗ്രൂപ്പ് ക്വാളിറ്റി മാനേജരുമായ ഫ്രാങ്കോ ഫ്രാൻസിസ് ഉൾപ്പെടെയുള്ള മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

