അൽ ഹിദായ മലയാളം കൂട്ടായ്മ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു
text_fieldsഅൽ ഹിദായ മലയാളം കൂട്ടായ്മ ഹൂറ ഉമ്മു ഐമൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ
മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് അൽ ഹിദായ മലയാളം കൂട്ടായ്മ സുന്നി ഔഖാഫുമായി സഹകരിച്ച് ഹൂറ ഉമ്മു ഐമൻ സ്കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പെരുന്നാൾ നമസ്കാരത്തിനെത്തി. ത്യാഗനിർഭരമായ ജീവിതം കൊണ്ട് പരീക്ഷണങ്ങൾ അതിജീവിച്ച ഇബ്രാഹിം പ്രവാചകൻ ലോകത്തിനു പകർന്നുനൽകിയ മൂല്യവത്തായ ചര്യകൾ അടങ്ങുന്ന ധാർമിക ബോധങ്ങൾ ജീവിതത്തിലെ സമസ്ത മേഖലയിലും മുറുകെ പിടിക്കണമെന്ന് ഈദ് സന്ദേശം നൽകിയ അഹ്മദ് ലത്തീഫ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ജിഹാദ് എന്ന വിശുദ്ധ പദത്തെപോലും ലോകത്തിനുമുന്നിൽ തെറ്റായി അവതരിപ്പിച്ച് ലോകസമാധാനത്തിന് ഭംഗം വരുത്തുന്ന തീവ്ര ചിന്താഗതിക്കാരുടെ കുത്സിത ശ്രമങ്ങൾക്കുമുന്നിൽ ഇബ്രാഹിം പ്രവാചകൻ കാണിച്ചുതന്ന സഹനത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ശക്തമായ ജീവിതമാർഗം നിലനിൽക്കുന്നുണ്ട് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പങ്കടുത്തവർക്കായി ലഘുഭക്ഷണവും അൽ ഹിദായ ഏർപ്പെടുത്തിയിരുന്നു. ഉമ്മുൽ ഹസ്സത്ത് നടന്ന ഈദ് ഗാഹിന് ഉസ്താദ് ഷെമീർ ഫാറൂഖി നേതൃത്വം നൽകി.
അൽ ഹിദായ മലയാളം കൂട്ടായ്മ പ്രസിഡന്റ് ഹംസ ആമേത്, ജനറൽ സെക്രട്ടറി, റിസാലുദ്ദീൻ പുന്നോൽ, റെയ്യാൻ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം, ടി.പി. അബ്ദുൽ അസീസ്, വളന്റിയർ ക്യാപ്റ്റൻ ഷെമീർ കണ്ണൂർ, ഉമ്മുൽ ഹസ്സം ഈദ് ഗാഹ് ചുമതലയുള്ള നിസാർ വെളിയംകോട് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

