അൽ ഫത്തേ ഹൈവേ വികസനം ദ്രുതഗതിയിൽ
text_fieldsഅൽ ഫത്തേ ഹൈവേ വികസനം പൂർത്തിയാകുമ്പോൾ (രേഖാചിത്രം)
മനാമ: ജുഫൈറിന്റെയും പരിസരപ്രദേശങ്ങളുടെയും മുഖച്ഛായ തന്നെ മാറ്റുന്ന അൽ ഫത്തേ ഹൈവേ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച നിർമാണപ്രവൃത്തി ഇതിനകം 27 ശതമാനത്തിലധികം പൂർത്തീകരിച്ചു. 2024ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗതത്തിന് കാര്യമായ തടസ്സമില്ലാതെയാണ് ഹൈവേ വികസനത്തിനുള്ള നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 40.5 മില്യൺ ദീനാർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ അൽ ഫത്തേ ഹൈവേയുടെ ശേഷി 61 ശതമാനം വർധിക്കും. നിലവിൽ പ്രതിദിനം 87,000 വാഹനങ്ങളാണ് ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ പ്രതിദിനം 1,40,000 വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയും.
വടക്ക് ശൈഖ് ഹമദ് കോസ്വേ മുതൽ തെക്ക് മിന സൽമാൻ സിഗ്നൽ വരെ നീളുന്നതാണ് ഹൈവേയുടെ വികസനം. നിലവിലെ അൽ ഫത്തേ ഹൈവേ ഇരുദിശയിലും മൂന്ന് കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി വികസിപ്പിക്കൽ, തെക്കുവടക്ക് ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തിനായി ഗൾഫ് ഹോട്ടൽ ജങ്ഷനിൽ 595 മീറ്റർ നീളത്തിൽ ഇരുദിശയിലും മൂന്ന് വരിയുള്ള അടിപ്പാത, മനാമയിൽനിന്ന് ജുഫൈറിലെ പ്രിൻസ് സൗഉദ് അൽ ഫൈസൽ റോഡിലേക്ക് രണ്ടുവരി വൺവേ മേൽപാലം എന്നിവയാണ് വികസനപദ്ധതിയിൽ ഉൾപ്പെടുന്നത്. തുടർച്ചയായ ഗതാഗതത്തിന് അൽ ഫത്തേ ഹൈവേയിൽനിന്ന് ശൈഖ് ദുഐജ് റോഡിലേക്കുള്ള ജങ്ഷൻ ഒഴിവാക്കും. വടക്കോട്ടുള്ള ഗതാഗതത്തിനായി അൽ ഫാത്തിഹ് കോർണിഷിലേക്കുള്ള കവാടത്തിന് സമീപം രണ്ട് വരി യു-ടേൺ മേൽപാലവും നിർമിക്കും.
ഈസ്റ്റ് മനാമയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പാതയായ അൽ ഫത്തേ ഹൈവേ തലസ്ഥാന നഗരിയിലെ ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ട് നിർമിക്കുന്ന റിങ് റോഡിന്റെ പ്രധാന ഭാഗവുമാണ്. ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽനിന്ന് തുടങ്ങുന്ന റിങ് റോഡ് ബഹ്റൈൻ മാപ് ഇന്റർചേഞ്ച്, ഉമ്മുൽ ഹസം, മിനാ സൽമാൻ, അൽ ഫത്തേ ഹൈവേ, നോർത്ത് മനാമ കോസ്വേയിലൂടെ ബഹ്റൈൻ ബേയിലും ഫിനാൻഷ്യൽ ഹാർബറിലും എത്തുന്നതാണ്. കിങ് ഫൈസൽ ഹൈവേയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (എസ്.എഫ്.ഡി) ധനസഹായത്തോടെയാണ് അൽ ഫത്തേ ഹൈവേ വികസന പദ്ധതി പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

