അൽ ഫത്തേഹ് അണ്ടർപാസ് ഭാഗികമായി തുറന്നു
text_fieldsമനാമ: അൽ ഫത്തേഹ് ഗ്രാൻഡ് മോസ്ക് ജങ്ഷനിലെ അണ്ടർപാസ് ഭാഗികമായി തുറന്നു. അൽ ഫാത്തി ഹൈവേ അവാൽ അവന്യൂ, ബാനി ഒത്ബ അവന്യൂ എന്നിവയോട് ചേരുന്ന സ്ഥലത്താണ് ജങ്ഷൻ. തെക്കോട്ട് മിന സൽമാനിലേക്കുള്ള രണ്ട് പാതകളും ബഹ്റൈൻ ബേയിലേക്കുള്ള ഒരു പാതയും തുറക്കും. ടണലിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ലൈറ്റ് സംവിധാനത്തിലൂടെ വടക്കോട്ട് ഗതാഗതത്തിനായി രണ്ട് പാതകളും തുറക്കും. ബാനി ഒത്ബ അവന്യൂവിൽനിന്ന് മിന സൽമാനിലേക്കുള്ള പാത അഞ്ച് മാസത്തേക്ക് അടച്ചിടും.
വടക്കോട്ട് പോകാനും ദിശ മാറ്റാനും യു-ടേൺ ഫ്ലൈ ഓവർ ഉപയോഗിക്കണമെന്ന് വർക്സ് മന്ത്രാലയം അറിയിച്ചു. 2021 ഏപ്രിലിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതാണ് രണ്ട് മേൽപാലങ്ങളും അണ്ടർപാസും ഉൾപ്പെടുന്ന 40.5 ദശലക്ഷം ദീനാറിന്റെ നിർമാണ പദ്ധതി. അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ അൽ ഫത്തേഹ് ഹൈവേയിൽ ഓരോ ദിശയിലും നാലുവരി ഗതാഗതമുണ്ടാകും. പ്രതിദിനം 140,000 വാഹനങ്ങൾക്ക് കടന്നുപോകാം. നിലവിലെ ഗതാഗതത്തിൽ 61 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ ധനസഹായത്തോടെ, പാർസൺസ് എൻജിനീയറിങ് കൺസൽട്ടൻസി സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

