അൽ ബറാക ഇസ്ലാമിക് ബാങ്കും മിഡിലീസ്റ്റ് ഹോസ്പിറ്റലും സഹകരിക്കുന്നു
text_fieldsഅൽ ബറാക ഇസ്ലാമിക് ബാങ്കും മിഡിലീസ്റ്റ് ഹോസ്പിറ്റലും
തമ്മിൽ കരാർ ഒപ്പുവെച്ചപ്പോൾ
മനാമ: ഇടപാടുകാരുടെ ആരോഗ്യ സേവന സംബന്ധമായ ഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അൽ ബറാക ഇസ്ലാമിക് ബാങ്ക് ബഹ്റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മിഡിലീസ്റ്റ് ഹോസ്പിറ്റൽ, മെഡിക്കൽ സെന്റർ എന്നിവയുമായി കരാർ ഒപ്പുവെച്ചു. കുറഞ്ഞ നിരക്കിൽ പരമാവധി മൂന്നുവർഷ കാലയളവിൽ മെഡിക്കൽ ഫിനാൻസ് നൽകുന്നതാണ് പദ്ധതി.
ഓരോ ആവശ്യങ്ങളും നിറവേറ്റുന്നതിന് ഇടപാടുകാർക്കായി മികച്ച ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിന് ബാങ്ക് നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് മിഡിലീസ്റ്റ് ഹോസ്പിറ്റലുമായി കരാർ ഒപ്പുവെച്ചതെന്ന് അൽ ബറാക ഇസ്ലാമിക് ബാങ്ക് ചീഫ് റീട്ടെയിൽ ഓഫിസർ ഫാത്തിമ അൽ അലാവി പറഞ്ഞു.
ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ സേവന ദാതാക്കൾ എന്ന നിലയിൽ മിഡിലീസ്റ്റ് ഹോസ്പിറ്റൽ, മെഡിക്കൽ സെന്റർ എന്നിവയുടെ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കുന്നതാണ് കരാറെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ജീബെൻ കുര്യൻ പറഞ്ഞു.