അൽ അരീൻ റിസർവ് പാർക്ക് ഇനി ‘മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ്'
text_fieldsഅൽ അരീൻ റിസർവ്
മനാമ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, ബഹ്റൈനിലെ പ്രശസ്തമായ അൽ അരീൻ വന്യജീവിസങ്കേതത്തിന് പുതിയ പേര് നൽകി ബഹ്റൈൻ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി 'മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ്' എന്നാണ് പേര് മാറ്റിയിരിക്കുന്നത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച രാജകൽപ്പന പുറപ്പെടുവിച്ചത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ഈ റിസർവ് തദ്ദേശീയമായ മൃഗങ്ങളാലും പക്ഷികളാലും സമൃദ്ധമാണ്.
ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് നടത്തുന്ന മഹത്തായ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നടപടി. ബഹ്റൈനോടും അവിടത്തെ ജനങ്ങളോടും അദ്ദേഹം പുലർത്തുന്ന സ്നേഹത്തിനും നിരന്തരമായ പിന്തുണക്കും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ തന്റെ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ സൗഹൃദത്തിന്റെ പുതിയ അടയാളമായി ഈ നാമകരണം മാറുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

