ദുരന്തനിവാരണത്തിന് സജ്ജമാകാനൊരുങ്ങി വിമാനത്താവളം
text_fields'ഗാർഡ്' പദ്ധതിയുമായി ബന്ധപ്പെട്ട് അധികൃതർ നടത്തിയ യോഗത്തിൽനിന്ന്
മനാമ: രാജ്യത്തെ വിമാനത്താവളങ്ങളെ ദുരന്തങ്ങൾ നേരിടാൻ സജ്ജമാക്കുന്ന 'ഗെറ്റ് എയർപോർട്ട്സ് റെഡി ഫോർ ഡിസാസ്റ്റർ (ഗാർഡ്)' പദ്ധതിയുടെ ആദ്യഘട്ടത്തിന് ബഹ്റൈനിൽ തുടക്കമായി. ആഭ്യന്തരമന്ത്രിയും സിവിൽ ഡിഫൻസ് കൗൺസിൽ ചെയർമാനുമായ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. പബ്ലിക് സെക്യൂരിറ്റി ചീഫും സിവിൽ എമർജൻസി മാനേജ്മെന്റ് ദേശീയ സമിതി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ ഉദ്ഘാടനം നിർവഹിച്ചു.
ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം, ബഹ്റൈൻ എയർപോർട്ട് കമ്പനി, ഐക്യരാഷ്ട്രസഭ വികസന പരിപാടി (യു.എൻ.ഡി.പി), ആഗോള ലോജിസ്റ്റിക്സ് സ്ഥാപനമായ ഡി.എച്ച്.എൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങൾ, സാങ്കേതിക തകരാറുകൾ, ജൈവിക സംഭവങ്ങൾ, റേഡിയോളജിക്കൽ അടിയന്തരാവസ്ഥകൾ എന്നിവയുൾപ്പെടെ വിവിധ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് വികസിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലെ പ്രതിസന്ധി മാനേജ്മെന്റ് പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഈ പദ്ധതി ബഹ്റൈൻ സർക്കാറിന്റെ കാര്യക്ഷമവും പ്രതികരിക്കാൻ ശേഷിയുള്ളതുമായ ദേശീയ ദുരന്തനിവാരണ സംവിധാനം കെട്ടിപ്പടുക്കാനുള്ള കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് പറഞ്ഞു.
വിമാനത്താവളങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്പത്തിക വ്യവസ്ഥക്കും നിർണായകമായ തന്ത്രപ്രധാനമായ കവാടങ്ങളാണെന്നും അതിനാൽ ദുരന്തങ്ങളെ നേരിടാൻ ഉയർന്ന തലത്തിലുള്ള സജ്ജീകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംരംഭത്തിന് പിന്തുണ നൽകുന്ന ഡി.എച്ച്.എൽ, യു.എൻ.ഡി.പി തുടങ്ങിയ സ്ഥാപനങ്ങളെയും വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങളെയും ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

