ബഹ്റൈനിൽ പറക്കും ടാക്സികൾക്ക് കളമൊരുങ്ങുന്നു
text_fieldsമനാമ: ബഹ്റൈന്റെ വ്യോമയാന മേഖലയിൽ പറക്കും ടാക്സികൾക്ക് കളമൊരുങ്ങുന്നു. ഭാവിയിലെ വിമാന ടാക്സികളെന്ന് വിശേഷണമുള്ള ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ് (ഇ-വി.ടി.ഒ.എൽ) എയർക്രാഫ്റ്റ് സംവിധാനം വികസിപ്പിക്കുന്നതിനായി ബഹ്റൈൻ ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം ബ്രസീലിലെ പ്രമുഖ വിമാന നിർമാതാക്കളായ എംബ്രയറുടെ അഡ്വാൻസ്ഡ് എയർ മൊബിലിറ്റി വിഭാഗമായ ഈവ് എയർ മൊബിലിറ്റിയുമായി ധാരണപത്രം ഒപ്പുവെച്ചു. ബഹ്റൈന്റെ ആഡംബര എയർ മൊബിലിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഗേറ്റ്വേ ഗൾഫ് ഇൻവെസ്റ്റ്മെൻറ് ഫോറം 2025ന്റെ ഭാഗമായാണ് ധാരണപത്രം ഒപ്പിട്ടത്.
ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ ‘ഈവ് എയർ മൊബിലിറ്റി’യുമായുള്ള ധാരണപത്രം ഒപ്പു വെക്കൽ ചടങ്ങിൽനിന്ന്
ഈ ധാരണപത്രം വ്യോമയാന മേഖലയിലെ മികവിനും നവീകരണത്തിനുമുള്ള പ്രാദേശിക കേന്ദ്രമായി ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ പറഞ്ഞു. സുരക്ഷിതവും സുസ്ഥിരവുമായ വ്യോമയാനം ബഹ്റൈനിലും ഗൾഫ് മേഖലയിലും ആഗോളതലത്തിലും യാഥാർഥ്യമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഈ തന്ത്രപരമായ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്വാൻസ്ഡ് എയർ മൊബിലിറ്റി പ്രവർത്തനങ്ങൾക്കായി ബഹ്റൈന്റെ റെഗുലേറ്ററി, ഓപറേഷനൽ, ഇൻഫ്രാസ്ട്രക്ചറൽ ചുറ്റുപാടുകളുടെ സജ്ജീകരണം ത്വരിതപ്പെടുത്തുക എന്നതാണ് ധാരണപത്രത്തിന്റെ പ്രധാന ലക്ഷ്യം. 2027ഓടെ പരീക്ഷണ പറക്കലുകൾ നടത്തും. 2028ൽ വാണിജ്യപരമായ പ്രവർത്തനങ്ങൾ ആരംഭിക്കും. 2029ൽ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
എന്താണ് ‘ഇ-വി.ടി.ഒ.എൽ’ അഥവാ പറക്കും ടാക്സികൾ
ഇ-വി.ടി.ഒ.എൽ, വിമാന ടാക്സികൾ അഥവാ പറക്കും ടാക്സികൾ എന്ന ആശയത്തിന്റെ സാങ്കേതിക രൂപമാണ്. ഇവ പ്രവർത്തിക്കുന്നത് പൂർണമായും ബാറ്ററികളിലോ അല്ലെങ്കിൽ മറ്റ് ഇലക്ട്രിക് സ്രോതസ്സുകളിലോ ആണ്. അതിനാൽ, സാധാരണ വിമാനങ്ങളെപ്പോലെ ഇവക്ക് കാർബൺ പുറന്തള്ളൽ കുറവാണ്. ശബ്ദമലിനീകരണവും താരതമ്യേന കുറവായിരിക്കും. ഹെലികോപ്ടറുകൾക്ക് സമാനമായി, ഓടാനുള്ള റൺവേയുടെ ആവശ്യമില്ലാതെ, കുത്തനെയുള്ള ദിശയിൽ തന്നെ മുകളിലേക്ക് പറന്നുയരാനും താഴെയിറങ്ങാനും ഇവക്ക് സാധിക്കും.
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ആളുകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വേഗത്തിൽ എത്തിക്കാൻ വേണ്ടിയാണ് പ്രധാനമായും ഇ-വി.ടി.ഒ.എൽ വികസിപ്പിക്കുന്നത്. ഇവയെ ‘അർബൻ എയർ മൊബിലിറ്റി’ അഥവാ നഗര വ്യോമ സഞ്ചാരത്തിനുള്ള പരിഹാരമായി കണക്കാക്കുന്നു. ഭാവിയിൽ ഇവ പൂർണമായും പൈലറ്റില്ലാതെ ഓട്ടോണമസ് രീതിയിൽ പ്രവർത്തിക്കാനുള്ള സാങ്കേതികവിദ്യയും ഗവേഷണത്തിലുണ്ട്. സാധാരണ ഹെലികോപ്ടറുകളേക്കാൾ വളരെ കുറഞ്ഞ ശബ്ദത്തോടെ ഇവക്ക് പ്രവർത്തിക്കാൻ സാധിക്കുന്നത് നഗരവാസികൾക്ക് വലിയ ആശ്വാസമാകും. ബഹ്റൈൻ കൂടാതെ ദുബൈ, അബൂദബി, ദോഹ, ജിദ്ദ, ഇസ്തംബുൾ തുടങ്ങിയ നഗരങ്ങളിലും ഈവ് ആഡംബര ഇലക്ട്രിക് ഫ്ലൈറ്റുകൾ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.
ദുബൈയിൽ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഈവിന്റെ ഇ-വി.ടി.ഒ.എൽ എയർക്രാഫ്റ്റുകൾ ഈ മേഖലയിലെ കാലാവസ്ഥക്ക് അനുയോജ്യമായ സാങ്കേതികവിദ്യകളാൽ സജ്ജമാണ്. നൂതനമായ യു.വി, ഇൻഫ്രാറെഡ് സംരക്ഷണം, ഇൻറലിജൻറ് എയർ കണ്ടീഷനിങ്, കൂടാതെ പൊടിയുടെയും മണലിന്റെയും ആഘാതം കുറക്കുന്ന ‘ലിഫ്റ്റ് ആൻഡ് ക്രൂയിസ്’ ഡിസൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കടുപ്പമേറിയ കാലാവസ്ഥയിലും മികച്ച വിശ്വാസ്യതയും സൗകര്യവും ഇത് ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

