ആഗസ്റ്റ് 14 മുതൽ സർവിസ് പുനരാരംഭിക്കാനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്
text_fieldsമനാമ: ബഹ്റൈൻ-കേരള യാത്രക്കാർക്ക് ആശ്വാസമായി ഒടുവിൽ സർവിസ് പുനരാരംഭിക്കുന്ന പ്രഖ്യാപനവുമായി എയർഇന്ത്യ എക്സ്പ്രസ്. ആഗസ്റ്റ് 14 മുതൽ 18 വരെയുള്ള ഷെഡ്യൂളുകളാണ് നിലവിൽ കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. സർവിസ് നടത്തുന്ന സമയത്തിലും മാറ്റമുണ്ട്. ഷെഡ്യൂൾ പ്രകാരം കോഴിക്കോട്, കണ്ണൂർ, മംഗളൂരു, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ ഉള്ളത്.
ആഗസ്റ്റ് 14-ന് ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചക്ക് 12:25-നും, കൊച്ചിയിലേക്ക് രാവിലെ 10:25-നും സർവിസുകൾ ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് 15-ന് കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലേക്കും, ആഗസ്റ്റ് 16-ന് കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കും, ആഗസ്റ്റ് 17-ന് കോഴിക്കോട്, മംഗളൂരു സർവിസുകളും, ആഗസ്റ്റ് 18-ന് കോഴിക്കോട്, കണ്ണൂർ സർവിസുകളും ലഭ്യമാണ്. തിരിച്ചുള്ള ഇന്ത്യ-ബഹ്‌റൈൻ സർവിസുകളും ഈ ദിവസങ്ങളിൽ പ്രവൃത്തിക്കുന്നതാണ്.
പ്രാദേശിക സംഘർഷത്തെ തുടർന്ന് സുരക്ഷമുൻകരുതൽ എന്ന കാരണത്താൽ കഴിഞ്ഞ മാസം 22 മുതൽ സർവിസ് റദ്ദാക്കി പോരുകയായിരുന്നു എക്സ്പ്രസ്. ആഗസ്റ്റ് 13 വരെയുള്ള സർവിസുകൾ നിലവിൽ റദ്ദാക്കിയ അവസ്ഥയിൽ തന്നെ തുടരുകയാണ്. സംഘർഷത്തിന് ഒരൽപ്പം ആശ്വാസം ആയെങ്കിലും എക്സ്പ്രസ് സർവിസ് പുനരാരംഭിക്കാൻ ശ്രമിക്കാതിരുന്നത് യാത്രക്കാരിൽ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു.
സമാന റൂട്ടിൽ മറ്റുള്ള എയർലൈനുകൾ സർവിസ് നടത്തുമ്പോഴും എക്സ്പ്രസ് നടത്തിയിരുന്നില്ല. അതായിരുന്നു പ്രധാനമായും യാത്രക്കാരെ പ്രകോപിതരാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് മാർഗം പരാതി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

