എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് റദ്ദാക്കൽ: കെ.എം.സി.സി ബഹ്‌റൈൻ പ്രതിഷേധിച്ചു
text_fieldsമനാമ: ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് ബഹ്‌റൈനിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ തുടർച്ചയായി റദ്ദാക്കുന്നതിനെതിരെ കെ.എം.സി.സി ബഹ്‌റൈൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യുദ്ധഭീതിയും യാത്രാ പ്രതിസന്ധിയും നിലനിൽക്കുന്ന ഈ അടിയന്തര സാഹചര്യത്തിൽ മറ്റു വിമാനക്കമ്പനികൾ സർവീസുകൾ സാധാരണ നിലയിൽ നടത്തുമ്പോഴാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നിർത്തിവെക്കുന്നത്. ഇത് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് വലിയ ആശങ്കയും ദുരിതവുമാണ് സൃഷ്ടിക്കുന്നത്. സർവീസുകൾ നിർത്തിവെക്കുന്നതിന്റെ കാരണം കൂടി അധികൃതർ വ്യക്തമാക്കണമെന്ന് പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ ആവശ്യപ്പെട്ടു.
ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസിനായി മലബാർ മേഖലയിലെ ആയിരക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്. നേരത്തെ ഗൾഫ് എയർ കോഴിക്കോട് ഡയറക്ട് സർവീസ് നടത്തിയിരുന്നെങ്കിലും അത് നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ലഭ്യമായ പ്രധാന ആശ്രയവും ഇല്ലാതായി.
സർവീസ് പുനഃസ്ഥാപിക്കണമെന്ന് വിവിധ ഘട്ടങ്ങളിൽ ആവശ്യപ്പെട്ടിട്ടും അതിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കുന്നത് പ്രവാസികളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. യാത്രാ സൗകര്യം നഷ്ടപ്പെടുന്നതിന് പിന്നാലെ അമിതമായ ടിക്കറ്റ് നിരക്കു കൂടി പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുകയാണ്. യുദ്ധഭീതി, സാമ്പത്തിക പ്രതിസന്ധി, തൊഴിൽ നഷ്ടം, കച്ചവട മാന്ദ്യം തുടങ്ങിയ നിരവധി പ്രതിസന്ധികൾ നേരിടുന്ന പ്രവാസികൾക്ക് വിമാന സർവീസുകളുടെ അനിശ്ചിതത്വം വലിയ തിരിച്ചടിയാണ്.
പ്രവാസികളുടെ ഈ അടിയന്തര യാത്രാ പ്രതിസന്ധി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആവശ്യമായ അടിയന്തര ഇടപെടലുകൾ നടത്തുന്നതിന് കെ.എം.സി.സി ബഹ്‌റൈൻ മുസ്ലിം ലീഗ് എം.പി മാർ മുഖേന ബന്ധപ്പെട്ടിട്ടുണ്ടെന്നും കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

