You are here
എയർ ഇന്ത്യ എക്സ്പ്രസ് തകരാറിലായി; കേരളത്തിലേക്കുള്ള യാത്രക്കാർ വലഞ്ഞു
മനാമ: ബഹ്റൈനിൽനിന്ന് ശനിയാഴ്ച ഉച്ചക്ക് 1.20ന് പുറപ്പെടേണ്ട കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് തകരാറിലായി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് യാത്രികരെ വിവരമറിയിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടശേഷം ലൈറ്റ് ഒാഫ് ചെയ്ത് ടേക്ക് ഒാഫിന് ഒരുങ്ങുന്നതിനിടക്കാണ് വിമാനത്തിന് സാേങ്കതിക തകരാറുള്ള കാര്യം പൈലറ്റ് മനസ്സിലാക്കുന്നത്.
ശേഷം പൈലറ്റ് വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടശേഷം യാത്രികരോട് വിമാനം പുറപ്പെടില്ല എന്ന വിവരം അറിയിക്കുകയായിരുന്നു. അപ്രതീക്ഷിതമായി യാത്ര വൈകിയതോടെ കോഴിക്കോട്, കൊച്ചി ഭാഗങ്ങളിലേക്കുള്ള യാത്രികർ വലഞ്ഞു. വിമാനത്തിൽ നിറയെ യാത്രികരുണ്ടായിരുന്നു. തുടർന്ന് ഹോട്ടൽ മുറികൾ ആവശ്യമുള്ളവരെ എയർ ഇന്ത്യ അധികൃതർ അങ്ങോേട്ടക്ക് മാറ്റി.
ആറ് മണിക്കൂറെങ്കിലും തകരാർ പരിഹരിക്കാൻ വേണ്ടിവരും എന്നാണ് ആദ്യഘട്ടത്തിൽ അധികൃതർ പറഞ്ഞത്. എന്നാൽ, വൈകീട്ടും തകരാർ പൂർണമായും പരിഹരിച്ചിട്ടില്ല. ശനിയാഴ്ച കോഴിക്കോടുനിന്ന് ബഹ്റൈനിലെത്തിയ വിമാനത്തിനാണ് തകരാർ കണ്ടെത്തിയതെന്നും ഇത് പരിഹരിക്കാൻ എൻജിനീയർമാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എയർ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുടങ്ങിയ വിമാനം തകരാർ പരിഹരിച്ച് ഞായറാഴ്ച പുറപ്പെടുമെന്നാണ് സൂചന.