എയർ ബബ്ൾ കരാർ: ചർച്ച അന്തിമ ഘട്ടത്തിൽ
text_fieldsമനാമ: ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാർ അന്തിമ ഘട്ടത്തിൽ. ബഹ്റൈനിലേക്ക് വരാൻ കാത്തിരിക്കുന്ന നിരവധി പേർക്ക് ആശ്വാസമാകുന്ന കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.
ഗൾഫ് എയർ സെപ്റ്റംബർ എട്ടുമുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്ന് ബുക്കിങ് തുടങ്ങിയിരുന്നു. എന്നാൽ, കരാർ സംബന്ധിച്ച് തീരുമാനം ആകാത്തതിനാൽ ബുക്കിങ് 10ലേക്ക് നീട്ടിയിട്ടുണ്ട്. 10ന് കൊച്ചിയിൽനിന്നും 11ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 206 ദീനാറിനടുത്താണ് കോഴിക്കോടുനിന്നുള്ള നിരക്ക്.
എയർ ബബ്ൾ കരാർ നിലവിൽവന്നാൽ സന്ദർശക വിസക്കാർക്ക് ഉൾപ്പെടെ വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം വിസ കാലാവധി കഴിഞ്ഞ നിരവധി പേർ നാട്ടിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. വിസ കാലാവധി ഉടൻ തീരുന്നവരുമുണ്ട്. ഇന്ത്യയിൽനിന്ന് വിമാന സർവിസ് ആരംഭിക്കാത്തതിനാൽ പ്രതിസന്ധി നേരിടുന്നവരാണ് ഇവരെല്ലാം.

