റോഡ് സുരക്ഷ വർധിപ്പിക്കുക ലക്ഷ്യം; കാൽനടയാത്ര നിയമലംഘനത്തിന് പിഴ ഈടാക്കാൻ നിർദേശം
text_fieldsമനാമ: രാജ്യത്തെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും കാൽനടയാത്ര നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, ബഹ്റൈനിൽ കാൽനടയാത്ര (ജേ വാക്കിങ്) നിയമലംഘനത്തിന് പിഴ ചുമത്തുന്നതിനെക്കുറിച്ച് പാർലമെന്റിൽ പുതിയ നിർദേശം പരിഗണിക്കുന്നു.
നിയമം അനുവദിക്കാത്ത സ്ഥലങ്ങളിലൂടെയും സിഗ്നൽ ലഭിക്കാത്ത സമയത്തും റോഡ് മുറിച്ചുകടക്കുന്നതിനെയാണ് 'ജേ വാക്കിങ്' എന്ന് വിശേഷിപ്പിക്കുന്നത്. ഇത് കാൽനടക്കാർക്ക് പിഴ ലഭിക്കാൻ കാരണമാകും.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റും പാർലമെന്റിന്റെ സാമ്പത്തി
ക, ധനകാര്യസമിതി ചെയർമാനുമായ എം.പി അഹമ്മദ് അൽ സല്ലൂമാണ് ഈ നിർദേശത്തിന് നേതൃത്വം നൽകുന്നത്. സ്വതന്ത്ര എം.പി മുനീർ സുറൂർ ഉൾപ്പെടെ ബ്ലോക്കിന് പുറത്തുനിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്.
ജേ വാക്കിങ് ജീവൻ അപകടത്തിലാക്കുക മാത്രമല്ല, ഗതാഗതതടസ്സങ്ങളുണ്ടാക്കുകയും അനാവശ്യ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നെന്ന് എം.പി അൽ സല്ലൂം പറഞ്ഞു.
ഈ നിർദേശം ഉത്തരവാദിത്തബോധവും അവബോധവും വളർത്തുന്നതിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ നിർദേശം നിയമമായാൽ, നടപ്പാതകളോ സിഗ്നലുകളോ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്ന വ്യക്തികളിൽനിന്ന് പിഴ ഈടാക്കും. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ യു.എ.ഇ, യു.എസ്, ജർമനി, സ്വിറ്റ്സർലൻഡ്, ദക്ഷിണ കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ നിയമങ്ങൾക്ക് സമാനമായി ബഹ്റൈനിലും കാൽനടയാത്ര നിയമലംഘനം ശിക്ഷാർഹമാകും. യു.എ.ഇയിൽ ഇതിനുള്ള പിഴ 10,000 ദിർഹം വരെയാണ്.
ഈ നിർദേശത്തെക്കുറിച്ച് പൊതുജനാഭിപ്രായം ഭിന്നമാണ്. പല താമസക്കാരും സുരക്ഷ വർധിപ്പിക്കാനുള്ള ഈ നടപടിയെ സ്വാഗതം ചെയ്യുമ്പോൾ ചിലർ കൂടുതൽ കാൽനട മേൽപ്പാലങ്ങൾ, സീബ്രാ ക്രോസുകൾ, സിഗ്നൽ ക്രോസുകൾ എന്നിവ ആദ്യം നിർമിക്കണമെന്നും സുരക്ഷിതമായ മറ്റ് മാർഗങ്ങൾ ഒരുക്കണമെന്നും വാദിക്കുന്നു.
ഈ നിർദേശം ആദ്യം വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷാസമിതി എന്നിവ അവലോകനം ചെയ്യും. തുടർന്ന് മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കും.
നിയമത്തിന് അംഗീകാരം ലഭിച്ചാൽ 2026ൽതന്നെ ഇത് നടപ്പാക്കാൻ സാധ്യതയുണ്ട്. ആഭ്യന്തര മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയുടെ സഹായത്തോടെയായിരിക്കും നിയമം നടപ്പാക്കുക.
ആദ്യഘട്ടത്തിൽ ചെറിയ പിഴയും നിയമം ആവർത്തിക്കുന്നവർക്ക് കഠിനമായ പിഴയും അപകടങ്ങളിൽ ഉൾപ്പെട്ട കേസുകളിൽ കൂടുതൽ കർശനമായ ശിക്ഷയും നിർദേശിച്ചേക്കാം എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

